അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം ദിനം ആറ് വിക്കറ്റിന് 233 എന്ന നിലയിലാണ് ഇന്ത്യ കളി നിര്‍ത്തിയത്. വിരാട് കോലി (74),ചേതേശ്വര്‍ പുജാര (43),അജിന്‍ക്യ രഹാനെ (42) എന്നിവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇതില്‍ പതിവ് പോലെ പ്രതിരോധിച്ച് കളിച്ച് ഓസീസ് ബൗളര്‍മാരുടെ ക്ഷമയുടെ നെല്ലിപലക പരിശോധിച്ചാണ് പുജാര മടങ്ങിയത്. എന്നാല്‍ പുജാരയുടെ ബാറ്റിങ് അമിത പ്രതിരോധമാണെന്ന തരത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തന്റെ പദ്ധതിയെക്കുറിച്ച് പുജാര തുറന്ന് പറഞ്ഞിരിക്കുകയാണ്.
അമിതമായി പ്രതിരോധിച്ച് കളിച്ചതില്‍ കുറ്റബോധമോ സങ്കടമോ ഇല്ലെന്നാണ് പുജാരയുടെ പ്രതികരണം. 'ആദ്യ രണ്ട് സെക്ഷനിലും മികച്ച നിലയിലായിരുന്നു ടീമുണ്ടായിരുന്നത്. ബോള്‍ നന്നായി സ്വിങ് ചെയ്യുന്നതിനാല്‍ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കേണ്ടത് പ്രധാനമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ചൊരു ദിവസമായിരുന്നു അത്. തന്റെ പദ്ധതിയില്‍ യാതൊരു കുറ്റബോധവും ഇല്ലായിരുന്നു. കൂടുതല്‍ വിക്കറ്റ് പോവാതെ പിടിച്ചുനില്‍ക്കാനായി'-പുജാര പറഞ്ഞു.

160 പന്തുകളാണ് ഒന്നാം ഇന്നിങ്‌സില്‍ പുജാര നേരിട്ടത്. രണ്ട് ബൗണ്ടറിയാണ് അദ്ദേഹം നേടിയത്. 148ാം പന്തിലാണ് ആദ്യ ബൗണ്ടറി പിറന്നത്. ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ പന്തുകള്‍ നേരിടുന്ന നിലവിലെ ക്രിക്കറ്റ് താരമെന്ന റെക്കോഡ് കുറിക്കാനും പുജാരയ്ക്ക് സാധിച്ചു. ഓസീസ് പേസര്‍മാര്‍ തുടക്കം മുതല്‍ ആധിപത്യം കാട്ടിയപ്പോള്‍ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് വിടാതെ പിടിച്ചുനിര്‍ത്തിയതില്‍ പുജാരക്ക് നിര്‍ണ്ണായക പങ്കുണ്ട്.
ഓസീസിന്റെ ബൗളര്‍മാരെ പ്രശംസിച്ച പുജാര നഥാന്‍ ലയണ്‍ ബൗളറെന്ന നിലയില്‍ വളരെ മെച്ചപ്പെട്ടെന്നും അഭിപ്രായപ്പെട്ടു. 'ബൗളറെന്ന നിലയില്‍ അവസാന നാല്,അഞ്ച് വര്‍ഷത്തോളമായ ലയണ്‍ ഏറെ മെച്ചപ്പെട്ടു. സാധിക്കുന്നിടത്തോളം പന്തെറിയാന്‍ അവന്‍ ഇഷ്ടപ്പെടുന്നു. അവന്റെ ലൈനും ലെങ്തും ഉള്‍പ്പെടെ വളരെയധികം മെച്ചപ്പെട്ടുവെന്നാണ് എനിക്ക് തോന്നിയത്. വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാകുന്ന ബൗളറാണവന്‍. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച പദ്ധതികളോടെ കൂടുതല്‍ സ്‌കോര്‍ നേടാനാണ് ഞാന്‍ ശ്രമിക്കുന്നത്'-പുജാര പറഞ്ഞു.
2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത് പുജാര ആയിരുന്നു. മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ പുജാര കളം വാഴുകയായിരുന്നു. ഇത്തവണയും ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായകമാണ് പുജാരയുടെ പ്രകടനം.