അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ നാണം കെട്ട ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ 244 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 53 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മികച്ച ബാറ്റിങ് കരുത്തുള്ള ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ ബാറ്റിങ് പ്രകടനത്തെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡര്‍.
ഓസീസിന്റെ ബാറ്റിങ് പൊസിഷനെ ചൂതാട്ടമെന്നാണ് അലന്‍ വിശേഷിപ്പിച്ചത്. 'അതൊരു ചൂതാട്ടമായിരുന്നു. മാത്യു വേഡിന്റെ ബാറ്റിങ് പൊസിഷനില്‍ എപ്പോഴും മാറ്റങ്ങളാണ്. ഷോര്‍ട്ട് ഫോര്‍മാറ്റില്‍ വേഡ് ഓപ്പണറായിരുന്നു. എന്ന് കരുതി എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സാഹചര്യം വേറെയാണ്. ഈ ചൂതാട്ടത്തെ ഞാന്‍ അംഗീകരിക്കുന്നു. കാരണം പരിക്കേറ്റവര്‍ക്ക് ഉത്തമ പകരക്കാരന്‍ ഇല്ലായിരുന്നു. അടുത്ത മത്സരത്തില്‍ പുക്കോസ്‌കി കളിക്കാന്‍ ഫിറ്റാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'-അലന്‍ പറഞ്ഞു.

മറ്റൊരു ഓപ്പണറായ ജോ ബേണ്‍സ് മാനസികമായി കരുത്തനല്ലെന്നാണ് അലന്‍ അഭിപ്രായപ്പെട്ടത്. 'ബേണ്‍സ് മികച്ച ഫോമിലാണ്. എപ്പോഴും അവന് പിഴവുകള്‍ വരുന്നു. അവന്റെ ഫുട് വര്‍ക്ക് ശരിയല്ല. മാനസികമായി കരുത്തനല്ലെന്ന് മാത്രമല്ല ഭാഗ്യവും ഇല്ലാത്ത താരമാണ്' അലന്‍ പറഞ്ഞു. വേഡിനും ബേണ്‍സിനും ഓസീസിന് മികച്ച തുടക്കം നല്‍കാന്‍ ആയില്ല. ഇരുവരും എട്ട് റണ്‍സെടുത്താണ് പുറത്തായത്. ഇരുവരും ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ വിറക്കുന്നതാണ് കണ്ടത്. വേഡ് ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. പരിക്കാണ് ഓസ്‌ട്രേലിയക്ക് ഇത്തരമൊരു തിരിച്ചടി നല്‍കിയത്. ഡേ നൈറ്റ് ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള ഡേവിഡ് വാര്‍ണര്‍ക്കും മറ്റൊരു ഓപ്പണറായ വില്‍ പുക്കോസ്‌കിക്കും പരിക്ക് കാരണം കളിക്കാന്‍ സാധിക്കുന്നില്ല. ഇത് ഓസീസ് ടീമിനെ വലിയ രീതിയില്‍ ബാധിച്ചു.
അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് അടക്കമുള്ള വമ്പന്മാരെ ഡേ നൈറ്റ് ടെസ്റ്റില്‍ തോല്‍പ്പിക്കാന്‍ ഓസീസിനെ സാധിച്ചിരുന്നു. ഈ മൈതാനത്ത് കളിച്ച നാല് ഡേ നൈറ്റ് ടെസ്റ്റും വിജയിച്ചവരാണ് ഓസ്‌ട്രേലിയ. അപ്രതീക്ഷിതമായാണ് ഇന്ത്യക്കെതിരേ തകര്‍ന്നടിഞ്ഞത്. സ്റ്റീവ് സ്മിത്ത് (1) പെട്ടെന്ന് പുറത്തായത് തിരിച്ചടിയായി. അവസാന 50 ഇന്നിങ്‌സിലെ സ്മിത്തിന്റെ ഏറ്റവും മോശം സ്‌കോറാണിത്. നായകന്‍ ടിം പെയ്ന്‍ മാത്രമാണ് (73*) തിളങ്ങിയത്. ലാബുഷാനെ (47) ഭേദപ്പെട്ട പ്രകടനവും പുറത്തെടുത്തു. വാലറ്റം പെട്ടെന്ന് മടങ്ങിയതും കംഗാരുക്കള്‍ക്ക് തിരിച്ചടിയായി.