മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണം കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സ് ലീഡ് നേടിയിട്ടും അത് മുതലാക്കാന്‍ ഇന്ത്യന്‍ ടീമിനായില്ല. ശക്തരായ ഓസീസ് പേസാക്രമണത്തില്‍ മുന്നില്‍ തലകുനിച്ച ഇന്ത്യ 36 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയത്തോടെ തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണെങ്കിലും തിരിച്ചടികള്‍ ഏറെയാണ്. ഇപ്പോഴിതാ ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യമെന്താണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ ആദം ഗില്‍ക്രിസ്റ്റ്.
ബാറ്റിങ്ങാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്. 'രണ്ട് ഇന്നിങ്‌സിലും പൃത്ഥ്വി ഷാ നേരത്തെ മടങ്ങിയത് ടീമിനെ പിന്നോട്ട് വലിച്ചു. വലിയ വീരവാദവും അനാവശ്യ പുകഴ്ത്തലുമാണ് യുവതാരത്തിന് നല്‍കിയിരുന്നത്. അവന്റെ ബാറ്റിങ് ടെക്‌നിക്കില്‍ പിഴവുണ്ട്. പാഡും ബാറ്റും തമ്മിലുള്ള വിടവ് എളുപ്പം ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്നതാണ്. അതാണ് അവന്‍ ശ്രദ്ധിക്കേണ്ട കാര്യം'-ഗില്‍ക്രിസ്റ്റ് പറഞ്ഞു.

കെ എല്‍ രാഹുല്‍,ശുബ്മാന്‍ ഗില്‍ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ പൃത്ഥ്വി ഷായ്ക്ക് ടീമില്‍ അവസരം നല്‍കിയത്. എന്നാല്‍ അവസരം മുതലാക്കാന്‍ പൃത്ഥ്വിക്കായില്ല. ആദ്യ ഇന്നിങ്‌സില്‍ നേരിട്ട രണ്ടാം പന്തില്‍ പുറത്തായ പൃത്ഥ്വി രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സെടുത്തും മടങ്ങി. രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ബൗള്‍ഡായാണ് അദ്ദേഹം പുറത്തായത്. സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള പല പ്രമുഖ താരങ്ങളും പൃത്ഥ്വിയുടെ ബാറ്റിങ് ടെക്‌നിക്കിനെ വിമര്‍ശിച്ചിരുന്നു. ടൈമിങ് കണ്ടെത്തുന്നതില്‍ പൃത്ഥ്വി പരാജയപ്പെടുന്നു. ഒപ്പം ബാറ്റിനും പാഡിനുമിടയിലെ വിടവ് നികത്താനും യുവതാരത്തിന് സാധിച്ചില്ല.
'ആദ്യ ഇന്നിങ്‌സിനെക്കുറിച്ച് പറയുമ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി അമിത പ്രതിരോധ ബാറ്റിങ്ങാണ് ചേതേശ്വര്‍ പുജാരയും വിരാട് കോലിയും കാഴ്ചവെച്ചത്. അതൊരു മികച്ച ബാറ്റിങ് തന്നെയായിരുന്നു. എന്നാല്‍ അത് രണ്ടാം ഇന്നിങ്‌സില്‍ അവര്‍ത്തിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ അവസരങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. കോലിക്കൊപ്പം പുജാരയും രഹാനെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്'-ഗില്‍ക്രിസ്റ്റ് പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിനെ പിഴവുകള്‍ നികത്തിയാവും ഇന്ത്യ ഇറങ്ങുക. ശുബ്മാന്‍ ഗില്‍,കെ എല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങിയവര്‍ ടീമിലേക്കെത്തുമ്പോള്‍ പൃത്ഥ്വി ഷാ,വൃദ്ധിമാന്‍ സാഹ,ഹനുമ വിഹാരി എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാകാനാണ് സാധ്യത.