'അഗ്രസീവാകാന്‍ തെരിയാത് അണ്ണാ', ഓസീസ് പരമ്പരയിലെ അനുഭവം പങ്കുവെച്ച് നടരാജന്‍
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന,ടി20 പരമ്പരകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ കൈയടി നേടിയ താരങ്ങളിലൊരാള്‍ ഇടം കൈയന്‍ പേസര്‍ ടി നടരാജനാണ്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ തിളങ്ങിയ നടരാജന്‍ മത്സര ശേഷം സോണി സിക്‌സില്‍ മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ മുരളി കാര്‍ത്തികുമായി നടത്തിയ സംഭാഷണം ആരാധക മനസുകളെ കീഴടക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയപ്പോലൊരു വലിയ ടീമിനെതിരേ ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയിട്ടും എല്ലാ നേട്ടങ്ങളെയും ചെറു പുഞ്ചിരിയോടെ നേരിടുന്ന നടരാജന്‍ ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിക്കുകയാണ്.

തമിഴിലാണ് മുരളി കാര്‍ത്തികുമായി നടരാജന്‍ സംസാരിച്ചത്. വിക്കറ്റ് നേടിയിട്ടും എന്തുകൊണ്ട് വളരെ വൈകാരികമായ അഗ്രസീവായ ആഘോഷത്തിന് മുതിരാത്തതെന്ന് കാര്‍ത്തിക് നടരാജനോട് ചോദിച്ചു. 'അഗ്രസീവാകാന്‍ തെരിയാത് അണ്ണാ' എന്നായിരുന്നു നടരാജന്റെ മറുപടി. 'ഒരുപാട് ആളുകള്‍ എന്നോട് ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്റെ ചെറുപ്പം മുതലേ ഇങ്ങനെ പെരുമാറാനാണ് എനിക്കിഷ്ടം. എങ്ങനെയാണ് അഗ്രസീവായി ആഘോഷിക്കുകയെന്ന് എനിക്ക് അറിയില്ല. എനിക്കത് വലിയ പരിചയമുള്ള കാര്യമല്ല. ഒരു വിക്കറ്റ് നേടിയാല്‍ ചെറുതായൊന്ന് ചിരിക്കുക മാത്രമാണ് ചെയ്യാറ്. കൂടുതലായൊന്നും ചെയ്യാറില്ല'-നടരാജന്‍ പറഞ്ഞു.

മികച്ച പിന്തുണയാണ് സഹതാരങ്ങള്‍ നല്‍കിയതെന്നും ഓസ്‌ട്രേലിയയിലെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും നടരാജന്‍ പറഞ്ഞു. 'വളരെ സന്തോഷവാനാണ്. ഓസ്‌ട്രേലിയയിലെ എന്റെ ആദ്യ പര്യടനമാണ്. ഓസ്‌ട്രേലിയയപ്പോലൊരു മികച്ച ടീമിനെതിരേ തിളങ്ങാനായതില്‍ സന്തോഷമുണ്ട്. എന്റെ സന്തോഷം എത്രത്തോളമെന്ന് വാക്കുകളിലൂടെ പറയാനാവില്ല. എന്റെ പ്രകടനത്തില്‍ വളരെയധികം സന്തോഷം. സഹതാരങ്ങളെല്ലാം മികച്ച പിന്തുണയാണ് നല്‍കിയത്'-അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഇത്തരമൊരു പ്രകടനം പ്രതീക്ഷയില്‍ ഇല്ലായിരുന്നുവെന്നും ഐപിഎല്‍ മികച്ച പ്രകടനത്തിന് കരുത്തായെന്നും നടരാജന്‍ കൂട്ടിച്ചേര്‍ത്തു. ഈ പരമ്പരയില്‍ നിന്ന് വളരെയധികം ഞാന്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. നെറ്റ് ബൗളറായാണ് ആദ്യം ഞാനെത്തിയത്. പിന്നീട് വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായി അവസരം ലഭിച്ചു. അത് ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഐപിഎല്ലിലെ മികച്ച ഫോം നിലനിര്‍ത്താനായി. സഹതാരങ്ങള്‍ ആത്മവിശ്വാസം തന്നു. പിച്ചിന്റെ സ്വഭാവം ക്യാപ്റ്റനോടും വിക്കറ്റ് കീപ്പറോടും ചോദിച്ച് മനസിലാക്കി പന്തെറിഞ്ഞു.

എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിച്ചു. കട്ടേഴ്‌സും യോര്‍ക്കറുകളും ചെയ്യാനാകുമെന്ന് വിശ്വസിച്ചു. പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് ബൗളിങ് ചിട്ടപ്പെടുത്തി. ഡെത്ത് ഓവറുകളില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പന്തെറിയാനെത്തിയത്. ഐപിഎല്ലില്‍ ചെയ്ത കാര്യങ്ങള്‍ അല്‍പ്പം കൂടി കൃത്യമായി നടപ്പിലാക്കാനായെന്നും നടരാജന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാം ഏകദിനത്തിലൂടെ ഏകദിന അരങ്ങേറ്റം നടത്തിയ നടരാജന്‍ രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. മൂന്ന് ടി20കളില്‍ നിന്നായി ആറ് വിക്കറ്റും അദ്ദേഹം നേടി. അടുത്ത വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ നടരാജന്‍ ഇന്ത്യയുടെ പേസ് നിരയില്‍ ഇടം പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications