Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി 'കടലാസിലെ പുലി', ഇന്ത്യ ഭയക്കേണ്ടത് ഈ താരത്തെ, മുന്നറിയിപ്പുമായി ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതെന്തുപറ്റി? അടുത്തകാലംവരെ ലോകക്രിക്കറ്റിന്റെ നെറുകെയില്‍ നിന്ന വിരാട് കോലിയും സംഘവും മൂക്കുംകുത്തി വീണിരിക്കുകയാണ് ഓസ്‌ട്രേലിയക്ക് മുന്നില്‍. സിഡ്‌നിയിലെ ആദ്യ ഏകദിനത്തില്‍ പിണഞ്ഞത് 66 റണ്‍സിന്റെ തോല്‍വി; രണ്ടാമത്തെ ഏകദിനത്തില്‍ 51 റണ്‍സിന്റെ തോല്‍വിയും കോലിയുടെ ടീം വഴങ്ങി. ചികഞ്ഞുനോക്കുമ്പോള്‍ ഇന്ത്യയുടെ ബൗളിങ്ങിന് ഇപ്പോള്‍ മൂര്‍ച്ചയില്ലെന്ന് കാണാം.

പരമ്പര തോറ്റു

കഴിഞ്ഞതവണ ഓസ്‌ട്രേലിയയെ വിറപ്പിച്ച ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുനയൊടിഞ്ഞുനില്‍ക്കുന്നു. കോലിയുടെ വിശ്വസ്തനായ യുസ്‌വേന്ദ്ര ചഹാലും ഓസ്‌ട്രേലിയക്കാരുടെ കയ്യില്‍ നിന്ന് കണക്കിന് അടിവാങ്ങുകയാണ്. ഞായറാഴ്ച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ 389 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. ഓസ്‌ട്രേലിയന്‍ നിരയില്‍ ബാറ്റെടുക്കുന്നവരെല്ലാം തിളങ്ങുന്ന സാഹചര്യം. കൂട്ടത്തില്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ പ്രകടനമാണ് ശ്രദ്ധേയം.

ഭീഷണി സ്മിത്ത്

ആദ്യ ഏകദിനത്തില്‍ 66 പന്തില്‍ 105 റണ്‍സും രണ്ടാം ഏകദിനത്തില്‍ 64 പന്തില്‍ 104 റണ്‍സും സ്മിത്ത് കുറിച്ചിരിക്കുന്നു. ഈ പോക്കാണെങ്കില്‍ ലോകത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാനെന്ന വിശേഷണം കോലിയുടെ കയ്യില്‍ നിന്നും സ്റ്റീവ് സ്മിത്ത് തട്ടിയെടുക്കും, പറയുന്നത് മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ തന്നെ.

മുന്നറിയിപ്പ്

കണക്കുകളില്‍ കോലിയായിരിക്കും എന്നും മുന്നില്‍. എന്നാല്‍ സ്മിത്തിന്റെ ഓരോ ഇന്നിങ്‌സും കോലിയുടെ പ്രഭകെടുത്തുകയാണ്. സ്മിത്തിന്റെ പ്രകടനങ്ങളില്‍ കളി സാഹചര്യങ്ങളും മത്സരഫലങ്ങളും വലിയ തോതില്‍ സ്വാധീനിക്കപ്പെടുന്നു. അതുകൊണ്ട് ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം കോലിയുടെ പക്കല്‍ അധികംനാളുണ്ടാകില്ലെന്ന് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തൊട്ടുപിന്നിൽ

'നമ്മള്‍ വിരാട് കോലിയെപ്പറ്റിയാണ് എന്നും സംസാരിക്കാറ്. ലോകത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാനായി കോലിയെ ആളുകള്‍ വാഴ്ത്തുന്നു. എന്നാല്‍ കോലിയും സ്മിത്തും തമ്മില്‍ വലിയ അകലമില്ല. തുടര്‍ച്ചയായി 60 പന്തുകളില്‍ 100 തികയ്ക്കുക ചില്ലറക്കാര്യമല്ല. ശരിയാണ്, കണക്കുകളില്‍ കോലിയായിരിക്കും എന്നും മുന്നില്‍. പക്ഷെ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ സ്മിത്ത് ചെലുത്തിയ സ്വാധീനം നോക്കൂ', ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഗംഭീര്‍ സൂചിപ്പിച്ചു.

സ്മിത്തിനെ പൂട്ടണം

പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ സ്റ്റീവ് സ്മിത്തിനെ 'പൂട്ടാനുള്ള' തന്ത്രം തേടിനടക്കുകയാണ് ഇപ്പോള്‍ ടീം ഇന്ത്യ. സ്മിത്തിന് മുന്നില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍മാരൊന്നും വിലപോവുന്നില്ല. നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തിലും ശേഷമുള്ള ടെസ്റ്റ് പരമ്പരയിലും സ്മിത്തായിരിക്കും പ്രധാന ഭീഷണിയെന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കടുപ്പമായിരിക്കും

'മുന്നോട്ടുള്ള പര്യടനം ഇന്ത്യയ്ക്ക് കടുപ്പമായിരിക്കും. ഇത് കേവലം തുടക്കം മാത്രമാണ്. സ്മിത്തിനെതിരെ കൃത്യമായ ഗെയിം പ്ലാനില്ലെങ്കില്‍ ബൗളര്‍മാര്‍ കണക്കിന് ശിക്ഷിക്കപ്പെടും. ക്രീസില്‍ ഓരോതവണ വരുമ്പോഴും റണ്‍സിനായി ദാഹിച്ചാണ് സ്മിത്തിന്റെ നില്‍പ്പ്. ഇപ്പോഴുള്ള മികവ് ടെസ്റ്റ് പരമ്പരയിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ കാര്യം ദുരിതത്തിലാകും', ഗംഭീര്‍ പറഞ്ഞു.

Story first published: Sunday, November 29, 2020, 19:14 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+