ഇന്ത്യ-ഓസീസ് ടെസ്റ്റ്: കോലി മടങ്ങിയാല്‍ നാലാം നമ്പറില്‍ ആര്? നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കര്‍
ബംഗളൂരു: പരിമിത ഓവര്‍ പരമ്പരയുടെ ആവേശം അവസാനിച്ചു. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര കാണുന്നതിനായാണ്. 17നാണ് നാല് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം രാത്രി പകലായാണ് നടക്കുന്നത്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇതിന് മറുപടി പറയാനുറച്ചാവും കംഗാരുക്കള്‍ ഇറങ്ങുക. ഇന്ത്യയം സംബന്ധിച്ച് ഇത്തവണത്തെ ടെസ്റ്റ് പരമ്പര കടുപ്പമേറിയത് തന്നെയാവും. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ പകരം നാലാം നമ്പറില്‍ ആരെന്നത് വലിയ ചോദ്യമാണ്. ഇപ്പോഴിതാ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

7 ക്രിക്കറ്റ് എന്ന പരിപാടിയില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗവാസ്‌കര്‍. 'അത് കെ എല്‍ രാഹുലാണ്. അല്ല ശരിക്കും എന്റെ മനസില്‍ കോലി മടങ്ങിയാല്‍ നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെയാണ്. അഞ്ചാം നമ്പറില്‍ രാഹുലോ അല്ലെങ്കില്‍ ശുബ്മാന്‍ ഗില്ലോ ബാറ്റ് ചെയ്യട്ടെ' സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ മായങ്ക് അഗര്‍വാളിനൊപ്പം രോഹിത് തന്നെ ഓപ്പണറായി എത്തിയേക്കും.

നാലാം നമ്പറില്‍ രഹാനെ ഇറങ്ങുന്നത് കാര്യമായി അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കാനിടയില്ല. നിലവിലെ അഞ്ചാം നമ്പര്‍ താരമാണ് രഹാനെ. കോലി മടങ്ങുമ്പോള്‍ ടീമിനെ നയിക്കേണ്ടതും രഹാനെയാണ്. ഈ അവസരത്തില്‍ എന്തുകൊണ്ടും നാലാം നമ്പറിന് അര്‍ഹത രഹാനെക്കുണ്ട്. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലടക്കം കണ്ട പ്രശ്‌നം രഹാനെയുടെ സ്ഥിരതയാണ്. കോലിയുടെ അഭാവത്തില്‍ നായകസ്ഥാനം കൂടി ലഭിക്കുമ്പോള്‍ രഹാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമോയെന്ന് കണ്ടറിയണം.

കെ എല്‍ രാഹുലിന്റെ ബാറ്റിങ് പൊസിഷനാണ് പ്രധാന പ്രശ്‌നം. മധ്യനിരയില്‍ രാഹുലിനെ കളിപ്പിക്കുന്നത് ടീമിന് ഗുണകരമായിരിക്കില്ല. കാരണം ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ രാഹുല്‍ മധ്യനിരയില്‍ കളിച്ച് വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ല. കോലിയുടെ അഭാവത്തില്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. ഹനുമ വിഹാരിയും മധ്യനിരയില്‍ സ്ഥാനം പിടിച്ചേക്കും.

വിക്കറ്റ് കീപ്പറായി ആരെന്നത് വലിയ ചോദ്യമുയര്‍ത്തുന്നു. സന്നാഹ മത്സരത്തില്‍ റിഷഭ് പന്ത് വെടിക്കെട്ട് സെഞ്ച്വറി നേടി. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിച്ചപ്പോഴും റിഷഭായിരുന്നു കീപ്പറായി ടീമിലുണ്ടായിരുന്നത്. എന്നാല്‍ പരിചയസമ്പന്നനായ വൃദ്ധിമാന്‍ സാഹയാണ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ കേമന്‍. സന്നാഹത്തില്‍ അര്‍ധ സെഞ്ച്വറിയുമായി സാഹ തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കുമെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications