Ind vs Aus: തകര്‍പ്പന്‍ പ്രകടനവുമായി ഹര്‍ദിക്കും ജഡേജയും, പ്രശംസിച്ച് സൗരവ് ഗാംഗുലി
സിഡ്‌നി: ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 13 റണ്‍സിന് വിജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് ഹര്‍ദിക് പാണ്ഡ്യയുടെയും (92*) രവീന്ദ്ര ജഡേജയുടെയും (66*) പ്രകടനമാണ്. അഞ്ച് വിക്കറ്റിന് 152 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ ആറാം വിക്കറ്റിലെ 150 റണ്‍സ് കൂട്ടുകെട്ടിലൂടെ 302 എന്ന സ്‌കോറിലേക്ക് എത്തിക്കാന്‍ ഹര്‍ദിക്കിനും ജഡേജയ്ക്കുമായി. അവസരത്തിനൊത്ത് ഇന്ത്യന്‍ ബൗളര്‍മാരും ഉയര്‍ന്നതോടെ അഭിമാന ജയം ഇന്ത്യ സ്വന്തമാക്കി.

മൂന്നാം മത്സരത്തിലെ പ്രകടനത്തോടെ ഹര്‍ദിക്കിനും ജഡേജയ്ക്കും ആശംസാ പ്രവാഹമാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും നിലവില ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇരുവരുടെയും പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ഗാംഗുലി ഇരുവരെയും അഭിനന്ദിച്ചത്. 'പരമ്പര നഷ്ടമായ ശേഷം മികച്ച ജയം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഈ ജയം കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം വലിയൊരു പര്യടനമാണിത്.

ജഡേജയും ഹര്‍ദിക്കും ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാണ്. ബുദ്ധിമുട്ടേറിയ പൊസിഷനിലാണ് ഇവര്‍ കളിച്ചത്'-ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. ടി20 പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വിജയമാണിത്. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ അഞ്ച് ഏകദിന തോല്‍വികള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ജയം സ്വന്തമാക്കിയത്. എം എസ് ധോണി ഒഴിച്ചിട്ട ഫിനിഷര്‍ റോളിലേക്ക് ഹര്‍ദിക് പാണ്ഡ്യ ഉയര്‍ന്നുവരുന്നത് ടീമിനെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.

എന്നാല്‍ ഓള്‍റൗണ്ടറായ ഹര്‍ദിക്കിന് പരിക്കിന് ശേഷം ബൗളിങ് പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം ഏകദിനത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയെങ്കിലും പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും ഭേദമാവാത്തതിനാല്‍ പന്തെറിയാനാവില്ല. നിലവില്‍ ഇന്ത്യന്‍ ടീം കരുത്തരാണെങ്കിലും ടോപ് ഓഡറില്‍ പന്തെറിയുന്ന താരങ്ങളുടെ അഭാവം ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ പ്രമുഖരായ ബാറ്റ്‌സ്മാന്‍മാരൊന്നും പന്തെറിയാത്തവരാണ്. അതിനാല്‍ത്തന്നെ ആറാം ബൗളറുടെ അഭാവം ക്യാപ്റ്റന്‍ കോലിയുടെ ജോലി ഭാരം ഉയര്‍ത്തുന്നു.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ കൂടുതല്‍ അപകടകാരികളാണ്. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി എന്നിവര്‍ ഐപിഎല്ലില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചാണ് ഓസീസ് പര്യടനത്തിനെത്തിയത്. ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന ടി നടരാജനും ടി20 ടീമില്‍ ഇടം പിടിച്ചേക്കും. ഏകദിന അരങ്ങേറ്റം ഗംഭീരമാക്കാന്‍ നടരാജന് സാധിച്ചിരുന്നു. മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലാത്ത ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ സാധ്യതയുള്ള താരമാണ് നടരാജന്‍. കെ എല്‍ രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. മധ്യനിരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ രാഹുലിന് ആവുന്നില്ല. സഞ്ജു സാംസണ്‍ ടി20 കളിക്കുമോയെന്ന് കണ്ടറിയണം. ടി20 പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications