അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട ഇന്ത്യന്‍ താരം പൃത്ഥ്വി ഷായാണ്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ പൃത്ഥ്വി രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സെടുത്തും മടങ്ങി. ഇതോടെ പൃത്ഥ്വിയുടെ ബാറ്റിങ് ടെക്‌നിക്കുകള്‍ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ നിരവധി ഇതിഹാസങ്ങളടക്കം പൃത്ഥ്വിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശകര്‍ക്കമുള്ള മറുപടിയെന്നോളം ഇന്‍സ്റ്റഗ്രാമില്‍ മോട്ടിവേഷന്‍ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃത്ഥ്വി ഷാ.
'നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചില സമയം ആളുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തും. അതിനര്‍ത്ഥം നിങ്ങള്‍ക്കത് ചെയ്യാനാവും അവര്‍ക്കത് ആകില്ല എന്നാണ്'-പൃത്ഥ്വി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയില്‍ കുറിച്ചു. പൃത്ഥ്വിക്കെതിരേ നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പൃത്ഥ്വിയെ ലാറയോടും സച്ചിനോടും സെവാഗിനോടും ഉപമിച്ച ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ആരാധകരുടെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.
21കാരനായ പൃത്ഥ്വിയുടെ സമീപകാല പ്രകടനം വളരെ മോശമായിരുന്നു. അവസാന ഐപിഎല്ലിലും തിളങ്ങാതിരുന്ന പൃത്ഥ്വി ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാരണം ശുബ്മാന്‍ ഗില്‍,കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് പൃത്ഥ്വി പ്ലേയിങ് ഇലവനിലേക്കെത്തിയത്. ഓപ്പണിങ്ങില്‍ വെടിക്കെട്ട് തുടക്കം നല്‍കാനായാണ് ഇന്ത്യ യുവതാരത്തെ പരിഗണിച്ചതെങ്കിലും നനഞ്ഞ പടക്കം പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

രണ്ടാം മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ നിന്ന് പൃത്ഥ്വിയെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പൃത്ഥ്വിക്ക് പകരം കെ എല്‍ രാഹുല്‍ എത്താനാണ് സാധ്യത. വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതിനാല്‍ ബാറ്റിങ്ങില്‍ കരുത്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ത്തന്നെ രോഹിത് ശര്‍മ ടീമിലേക്കെത്താനും സാധ്യത കൂടുതലാണ്. രാഹുല്‍ മധ്യനിരയില്‍ കളിക്കാനും സാധ്യതയേറെ.
ആദ്യ മത്സരത്തില്‍ വലിയ നാണക്കേടായിരുന്നു ഇന്ത്യയുടെ പ്രകടനം. ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിനാണ് ഇന്ത്യ മത്സരത്തില്‍ ഓള്‍ഔട്ടായത്. വെറും 36 റണ്‍സില്‍ ഒതുങ്ങിയ ഇന്ത്യ എട്ട് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇന്ത്യയെ സംബന്ധിച്ച് രണ്ടാം മത്സരത്തില്‍ തിരിച്ചടികളേറെയാണ്. കോലിയുടെ അഭാവത്തിനൊപ്പം പരിക്കേറ്റ മുഹമ്മദ് ഷമി പരമ്പരയില്‍ നിന്ന് പുറത്തായും ഇന്ത്യയുടെ സമ്മര്‍ദ്ദം ഇരട്ടിപ്പിക്കുന്നു. നാല് മത്സര പരമ്പരയില്‍ ഇതിനോടകം 1-0ന് ആതിഥേയരായ ഓസീസ് മുന്നിലാണ്.