സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെന്ന നിലയിലാണ്. 36 ഓവറും അഞ്ച് വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 127 റണ്‍സാണ്. സിഡ്‌നിയില്‍ ജയിക്കുക ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ചരിത്രം കുറിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
400ന് മുകളില്‍ ടെസ്റ്റില്‍ പിന്തുടര്‍ന്ന് ജയിക്കുകയെന്നത് അത്ര എളുപ്പമല്ല. ഇതുവരെ നാല് തവണയാണ് ടീമുകള്‍ 400 ന് മുകളില്‍ സ്‌കോര്‍ ടെസ്റ്റില്‍ പിന്തുടര്‍ന്ന് ജയിച്ചത്. 1948ല്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ 404 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. 1976ല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ 406 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. 2008ല്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്കെതിരേ 414 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചിരുന്നു. 2003ല്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയക്കെതിരേ 418 റണ്‍സും പിന്തുടര്‍ന്ന് വിജയിച്ചിരുന്നു.

ഇന്ത്യക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി 400ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാനുള്ള സുവര്‍ണ്ണാവസരമാണുള്ളത്. 127 റണ്‍സുകള്‍ കൂടി നേടിയാല്‍ ചരിത്രം രചിക്കാന്‍ ഇന്ത്യക്കാവും. ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ഇന്ത്യ സിഡ്‌നിയില്‍ ജയിച്ചത്. കൂടുതലും സമനിലയാണ് ഇന്ത്യ നേരിട്ടത്. അതിനാല്‍ത്തന്നെ ഇത്തവണ സുവര്‍ണ്ണാവസരം ഇന്ത്യക്ക് മുന്നിലുണ്ട്. വിരാട് കോലിയുടെ അഭാവത്തിലാണ് ഇന്ത്യയുടെ ഈ ചെറുത്ത്‌നില്‍പ്പെന്നതാണ് ശ്രദ്ധേയം.
പരിക്ക് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. സൂപ്പര്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി എന്നിവരില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ട് താരങ്ങളുടെ പരിക്കും വെല്ലുവിളിയായി. റിഷഭ് പന്തിന് കൈക്ക് പരിക്കേറ്റെങ്കിലും താരം കളിതുടര്‍ന്നു. എന്നാല്‍ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പുറത്തുപോകേണ്ടി വന്നത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയായി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മയും (52) ശുബ്മാന്‍ ഗില്ലും (31) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നായകന്‍ അജിന്‍ക്യ രഹാനെ (4) പെട്ടെന്ന് മടങ്ങിയെങ്കിലും നാലാം വിക്കറ്റിലെ റിഷഭ് പന്ത് (97) ചേതേശ്വര്‍ പുജാര (77) കൂട്ടുകെട്ടാണ് ഇന്ത്യക്ക് പ്രതീക്ഷയായത്. ആഞ്ഞടിച്ച പന്ത് 118 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സുമാണ് പറത്തിയത്. നാലാം വിക്കറ്റില്‍ 148 റണ്‍സാണ് പന്തും പുജാരയും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്.