നിലവില്‍ ഇന്ത്യയുടെ കുന്തമുനകളില്‍ ഒന്നാണ് മുഹമ്മദ് ഷമി. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും മുഹമ്മദ് ഷമി അവിഭാജ്യഘടകമാവുന്നു. എങ്ങനെയാണ് മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ സാധിക്കുന്നത്? കഴിഞ്ഞദിവസം ബിസിസിഐ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഈ ചോദ്യത്തിന് ഷമി ഉത്തരം നല്‍കി. സംഭവം ലളിതമാണ്. മനസില്‍ ഉദ്ദേശിച്ച ലെങ്തില്‍ പന്തിനെ പതിവായി പിച്ച് ചെയ്യിക്കാന്‍ സാധിച്ചാല്‍ മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാമെന്ന് ഷമി പറയുന്നു. ബാറ്റ്‌സ്മാനെതിരെ എറിയുന്ന പന്തില്‍ പൂര്‍ണ നിയന്ത്രണം സ്ഥാപിക്കുകയാണ് ബൗളറെന്ന നിലയില്‍ ഏറ്റവും മുഖ്യമെന്നും താരം പറയുന്നുണ്ട്.

'ടെസ്റ്റ് മത്സരങ്ങള്‍ക്കായാണ് ഞാന്‍ ഇപ്പോള്‍ കൂടുതല്‍ സജ്ജമാവുന്നത്. ലൈനിലും ലെങ്തിലും അച്ചടക്കം കൈവെടിയാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. ഒപ്പം പന്തിനെ ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കുന്നതിലും മികവ് കണ്ടെത്തെണ്ടതുണ്ട്', ഷമി അറിയിച്ചു. 'ഉദ്ദേശിച്ച ലെങ്തില്‍ പന്തെറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ മൂന്നു ഫോര്‍മാറ്റിലും മികവ് പുലര്‍ത്താന്‍ സാധിക്കും. പന്തില്‍ നിയന്ത്രണം സ്ഥാപിക്കേണ്ടതും ബൗളര്‍മാരെ സംബന്ധിച്ച് നിര്‍ണായകമാണ്', ഷമി വ്യക്തമാക്കി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഇതുവരെ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് താരം സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഷമി കൂടുതല്‍ പരിശീലനം നടത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും എറിയുന്ന ലെങ്തില്‍ മാറ്റമുണ്ടാകും. എന്നാല്‍ ഇരു ഫോര്‍മാറ്റിലും അടിസ്ഥാന ബൗളിങ് പാഠങ്ങള്‍ ഒന്നുതന്നെയാണെന്ന് ഷമി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിജയത്തെക്കുറിച്ചും ഷമി മനസുതുറക്കുന്നുണ്ട്. ടീമില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നു. എന്നാല്‍ എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം ഒന്നുമാത്രം - ഇന്ത്യ ജയിക്കണം. പുതിയ കാലത്ത് ഇന്ത്യന്‍ പേസര്‍മാര്‍ സഖ്യം ചേര്‍ന്നാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് ഷമി പറയുന്നു. ഈ നീക്കം ബാറ്റ്‌സ്മാന്മാരെ പ്രതിരോധത്തിലാക്കുന്നു. അടുത്തകാലത്തായി വിദേശ ടെസ്റ്റ് പരമ്പരകളില്‍ 20 വിക്കറ്റുകളും വീഴ്ത്തുന്നത് ഇന്ത്യ പതിവാക്കിയിട്ടുണ്ട്. വിദേശത്തു മാത്രമല്ല, ഇന്ത്യയിലും ഈ നേട്ടം ടീം ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ജോടികളായാണ് എതിരാളികള്‍ക്ക് നേരെ തന്ത്രം ആവിഷ്‌കരിക്കുന്നത്. ഓരോ സന്ദര്‍ഭത്തിലും എന്തുപദ്ധതി നടപ്പിലാക്കണമെന്നതിനെച്ചൊല്ലി ഫാസ്റ്റ് ബൗളര്‍മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും ഷമി വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 14 മത്സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ച മുഹമ്മദ് ഷമി കൈക്കലാക്കിയത്. എന്തായാലും ഐപിഎല്‍ ആവേശം കെട്ടണയും മുന്‍പ് ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചുവരാനുള്ള പുറപ്പാടിലാണ് താരം. നവംബര്‍ 27 -നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം.