IND vs AUS: കംഗാരുക്കള്‍ വീഴും, ഗബ്ബയില്‍ ഇന്ത്യ ജയിക്കും- ഇതാ മൂന്ന് കാരണങ്ങള്‍
ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സര ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം. വിരാട് കോലിയുടെ അഭാവവും സൂപ്പര്‍ താരങ്ങളുടെ പരിക്കും വെല്ലുവിളി ഉയര്‍ത്തിയപ്പോഴും തലകുനിക്കാതെ പൊരുതിയ ഇന്ത്യയുടെ പോരാട്ടവീര്യം ഇതിനോടകം ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന് കഴിഞ്ഞു. മൂന്ന് മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ തിരിച്ചുവരവായിരുന്നു.
സിഡ്‌നിയില്‍ ജയത്തിനോളം പോന്ന സമനിലയും ഇന്ത്യ നേടിയെടുത്തു. ഇനി കളി ഗബ്ബയിലാണ്. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുകളുള്ള ഗബ്ബയില്‍ ഇന്ത്യ നാലാം ടെസ്റ്റ് ജയിക്കുമോ? സാധ്യത കുറവാണെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഈ മൂന്ന് കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ വിജയ സാധ്യത തള്ളിക്കളയാനാവില്ല.

മാനസിക മുന്‍തൂക്കം ഇന്ത്യക്ക്
സിഡ്‌നിയില്‍ 407 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയപ്പോള്‍ കംഗാരുക്കളുടെ മുഖത്ത് വിജയച്ചിരി ഉണ്ടായിരുന്നെങ്കിലും കളി മുന്നോട്ട് പോകവെ അത് മാഞ്ഞു. തലയെടുപ്പോടെ പരിക്കിലും തളരാതെ ഇന്ത്യന്‍ താരങ്ങള്‍ നിറഞ്ഞാടിയതോടെ ചരിത്ര സമനില ഇന്ത്യ നേടിയെടുക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ തുടങ്ങിയവരുടെയെല്ലാം ബൗളിങ് മികവിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. അതിനാല്‍ത്തന്നെ മാനസികമായി മുന്‍തൂക്കം ഇന്ത്യക്കുണ്ട്. പരിക്ക് വലിയ വെല്ലുവിളിയാവുന്നുണ്ടെങ്കിലും സിഡ്‌നിയിലെ മിന്നും സമനില ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

സ്റ്റാര്‍ക്കും ലിയോണും ഫോമിലല്ല
ഓസീസ് നിരയിലെ സൂപ്പര്‍ ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും നതാന്‍ ലിയോണും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാനാകുന്നില്ല. ഇത് ഇന്ത്യന്‍ നിരയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്‍ ബൗളിങ്ങില്‍ ഓസീസ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിക്കുമ്പോഴാണ് ലിയോണ് കാഴ്ചക്കാരനായി ഒതുങ്ങേണ്ടി വരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി തുടങ്ങുന്നത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമായിരുന്നു. എന്നാല്‍ അവസാന രണ്ട് ടെസ്്റ്റിലും ഈ മികവിലേക്കുയരാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിട്ടില്ല.

ഇന്ത്യയുടെ ടോപ് ഓഡര്‍ മികച്ച ഫോമില്‍
ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ ഫോമാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. അതില്‍ പ്രധാനം രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടാണ്. സിഡ്‌നിയില്‍ ആദ്യ ഇന്നിങ്‌സില്‍ 70 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 71 റണ്‍സും ഓപ്പണിങ്ങില്‍ സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായി. മൂന്നാമന്‍ ചേതേശ്വര്‍ പുജാരയും നായകന്‍ അജിന്‍ക്യ രഹാനെയും ഫോമിലാണ്. മധ്യനിരയില്‍ റിഷഭ് പന്ത് പ്രതീക്ഷ നല്‍കുമ്പോള്‍ ഹനുമ വിഹാരിയുടെയും രവീന്ദ്ര ജഡേജയുടെയും അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications