IND vs AUS: 'മെല്‍ബണ്‍ പിച്ച് അവന് അനുകൂലം', പൃത്ഥ്വി ഷാക്ക് പിന്തുണയുമായി മൈക്കല്‍ ഹസി
മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് 26ന് മെല്‍ബണില്‍ നടക്കാനൊരുങ്ങുകയാണ്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയം ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ച ഓസ്‌ട്രേലിയ നാല് മത്സര പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ നിരവധിയാണ്. ടീമില്‍ അടിമുടി മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ പൃത്ഥ്വി ഷാ രണ്ടാം മത്സരത്തില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. ഇപ്പോഴിതാ യുവതാരത്തിന് വീണ്ടും അവസരം നല്‍കണമെന്നും പിന്തുണ നല്‍കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരം മൈക്കല്‍ ഹസി.

മെല്‍ബണ്‍ മൈതാനം പൃത്ഥ്വി ഷായുടെ ബാറ്റിങ് ശൈലിക്ക് അനുകൂലമാണെന്നാണ് മൈക്കല്‍ ഹസി പറയുന്നത്. 'സെലക്ടര്‍മാര്‍ പൃത്ഥ്വി ഷായില്‍ വിശ്വാസം അര്‍പ്പിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ആദ്യ ടെസ്റ്റില്‍ അവന്‍ തിളങ്ങിയില്ല എന്നത് ശരിയാണ്. എന്നാല്‍ ബുദ്ധിമുട്ടേറിയ മൈതാനവും ലോകോത്തര ബൗളര്‍മാരുമായിരുന്നെന്ന് ഓര്‍ക്കണം. ജോ ബേണ്‍സിന്റെ ഫസ്റ്റ് ക്ലാസ് ശരാശരി 7ല്‍ താഴെയാണ്. എന്നാല്‍ സെലക്ടര്‍മാര്‍ അവനില്‍ വിശ്വാസം അര്‍പ്പിച്ചു. ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങിയില്ലെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ആത്മവിശ്വാസം തിരിച്ചുപിടിച്ച അവന്‍ അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്നു'-മൈക്കല്‍ ഹസി പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ പൃത്ഥ്വി രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സാണ് നേടിയത്. രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായാണ് പൃത്ഥ്വി പുറത്തായത്. ഇതോടെ പൃത്ഥ്വിയുടെ ബാറ്റിങ് ടെക്‌നിക്കുകള്‍ക്കെതിരേ വ്യാപകമായ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൃത്ഥ്വിയുടെ പാഡിനും ബാറ്റിനും ഇടയിലൂടെ ട്രക്കിന് പോകാന്‍ സ്ഥലമുണ്ടെന്നാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

രണ്ടാം ടെസ്റ്റില്‍ പൃത്ഥ്വിക്ക് പകരം ഓപ്പണറായി ശുബ്മാന്‍ ഗില്‍ എത്തുമെന്നാണ് വിവരം. കാരണം അവസാന 12 ഇന്നിങ്‌സില്‍ അഞ്ച് തവണയാണ് പൃത്ഥ്വി പൂജ്യത്തിന് പുറത്തായത്. സമീപകാലത്തെ പ്രകടനങ്ങള്‍ വളരെ മോശമായതിനാല്‍ത്തന്നെ പൃത്ഥ്വി രണ്ടാം ടെസ്റ്റ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. മായങ്ക് അഗര്‍വാള്‍-പൃത്ഥ്വി ഷാ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങിയ ഒരു മത്സരം പോലും ഇന്ത്യ ജയിച്ചിട്ടില്ലെന്നതാണ് മറ്റൊരു കൗതുകം.

'പൃത്ഥ്വി ഷാ തന്റെ ശൈലി കണ്ടെത്തി അതില്‍ വിശ്വസിക്കേണ്ടതുണ്ട്. മാനേജ്‌മെന്റ് അവന് ആത്മവിശ്വാസം നല്‍കണം. മെല്‍ബണ്‍ മൈതാനം അവന്റെ ശൈലിക്ക് ചേര്‍ന്നതാണ്. അഡ്‌ലെയ്ഡിന്റെ അത്ര ബൗളര്‍മാരെ മെല്‍ബണ്‍ തുണയ്ക്കില്ല. അതിനാല്‍ പൃത്ഥ്വിക്ക് തിളങ്ങാനാവും. തിളങ്ങിയാലും ഇല്ലെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ പിന്തുണ നല്‍കുക.നീ പ്രതിഭാശാലിയാണെന്ന് അറിയാമെന്ന് പറഞ്ഞ് പിന്തുണ നല്‍കണം. സെലക്ടര്‍മാര്‍ ഒരവസരം കൂടി പൃത്ഥ്വിക്ക് കൊടുക്കുമെന്നാണ് പ്രതീക്ഷ'-മൈക്കല്‍ ഹസി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications