വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ പേസ് ലോകോത്തരം; പക്ഷെ ഒരു പ്രശ്‌നം ബാക്കി — മുന്‍തൂക്കം ഓസ്‌ട്രേലിയക്കെന്ന് പഠാന്‍

ലോകോത്തരമാണ് ഇപ്പോള്‍ ടീം ഇന്ത്യയുടെ പേസ് നിര. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ --- പുതിയ കാലത്ത് ഇന്ത്യയുടെ പേസ് ത്രയത്തെ നേരിടുക ചില്ലറക്കാര്യമല്ല. കഴിഞ്ഞതവണ ഇവര്‍ക്ക് മുന്നില്‍ 'മുഖമടച്ച് വീണ' ഓര്‍മ്മ ഓസ്‌ട്രേലിയക്കുണ്ട്. അന്ന് ടെസ്റ്റ് പരമ്പര 2-1 എന്ന നിലയ്ക്ക് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ഹോം പരമ്പരകള്‍ തോല്‍ക്കാറില്ലെന്ന ഓസ്‌ട്രേലിയയുടെ 'വീമ്പുപ്പറച്ചിലിന്' വിരാട് കോലിയും സംഘവും വിരാമമിട്ടു.

പേസ് ത്രയം

അന്നത്തെ ഐതിഹാസിക ജയത്തിന്റെ പൂര്‍ണ ക്രെഡിറ്റ് ബുംറ – ഷമി – ഇഷാന്ത് ത്രയത്തിനാണ്. ആ പരമ്പരയില്‍ മാത്രം 48 വിക്കറ്റുകളാണ് ഇവര്‍ കയ്യടക്കിയത്. എട്ടില്‍ ഏഴു ഇന്നിങ്‌സിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയയെ 'ഓള്‍ ഔട്ടാക്കി'. പറഞ്ഞുവരുമ്പോള്‍ 2018 കലണ്ടര്‍ വര്‍ഷം മൊത്തം ഇന്ത്യയുടെ പേസ് ത്രയം എതിരാളികളെ വിറപ്പിക്കുകയായിരുന്നു. 136 വിക്കറ്റുകളാണ് ബുംറയും ഷമിയും ഇഷാന്തും കൂടി ആ വര്‍ഷം വീഴ്ത്തിയത്.

റെക്കോർഡ്

ഇതില്‍ 45 വിക്കറ്റുകളും കൊഴിഞ്ഞത് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ നടന്ന ആദ്യ മൂന്നു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ്. ഇതോടെ 1984 -ല്‍ മൈക്കല്‍ ഹോള്‍ഡിങ്ങും മാല്‍ക്കം മാര്‍ഷലും ജോയല്‍ ഗാര്‍ണറും കൂടി കുറിച്ച 136 വിക്കറ്റുകളുടെ റെക്കോര്‍ഡ് പഴങ്കഥയായി. നിലവില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ ലോകോത്തര നിലവാരമാണ് പുലര്‍ത്തുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ഇടംകയ്യൻ പേസർ

എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഇന്ത്യയുടെ പേസ് നിര ഇനിയും മെച്ചപ്പെടാനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പറയുന്നു. സംഭവമെന്തെന്നല്ലേ, ഇന്ത്യന്‍ ടീമില്‍ കൊള്ളാവുന്നൊരു ഇടംകയ്യന്‍ പേസ് ബൗളറില്ലാത്തതുതന്നെ പ്രശ്‌നം. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇടംകയ്യന്‍ പേസ് ബൗളര്‍മാരെ വെച്ചാണ് ടീം ഇന്ത്യ ലോകക്രിക്കറ്റില്‍ മേല്‍വിലാസം നേടിയെടുത്തത്. അന്നത്തെ രാജാക്കന്മാരായ ഓസ്‌ട്രേലിയയെ പല അവസരങ്ങളിലും പിടിച്ചുകെട്ടാന്‍ സഹീര്‍ ഖാന് സാധിച്ചിരുന്നു.

കുന്തമുന

2003-2004 കാലത്ത് സഹീര്‍ ഖാന്‍ കുറിച്ച ഐതിഹാസിക അഞ്ചു വിക്കറ്റ് നേട്ടം ആരാധകരുടെ മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്. ഇതേ പരമ്പരയില്‍ സഹീര്‍ ഖാന്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇര്‍ഫാന്‍ പഠാന്‍ ആശിഷ് നെഹ്‌റയ്‌ക്കൊപ്പം ചേര്‍ന്ന് ഈ വിടവ് നികത്തി. 2007-2008 കാലത്ത് ഇര്‍ഫാന്‍ പഠാനും ആര്‍പി സിങ്ങുമായിരുന്നു ഇന്ത്യയുടെ കുന്തമുന.

ബാഹുല്യം

എന്നാല്‍ രണ്ടാം പതിറ്റാണ്ടിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കടക്കുമ്പോള്‍ ഇടംകയ്യന്‍ പേസര്‍മാര്‍ ദേശീയ ടീമില്‍ നിന്നും അപ്രത്യക്ഷമാവുകയാണ്. ജയദേവ് ഉനദ്ഘട്ട്, ഖലീല്‍ അഹമ്മദ്, ബരീന്ദര്‍ സ്രാന്‍, ശ്രീനാഥ് അരവിന്ദ്, അനികേത് ചൗധരി പോലുള്ള പേരുകള്‍ ആഭ്യന്തര തലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ടെങ്കിലും ദേശീയ ടീമില്‍ കളിക്കാനുള്ള മികവും നിലവാരവും ഇവരില്‍ നിന്നും നിര്‍ഭാഗ്യവശാല്‍ കാണുന്നില്ല. നിലില്‍ വലംകയ്യന്‍ പേസര്‍മാരുടെ ബാഹുല്യമാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍.

മുൻതൂക്കം

ഇത്തവണ ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമായിരിക്കും. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയതുതന്നെ പ്രധാന കാരണം. ഒപ്പം ലോക മൂന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ മാര്‍നസ് ലബ്യുഷെയ്‌നും വലംകയ്യന്‍ പേസര്‍മാര്‍ക്ക് എതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്.
അതുകൊണ്ട് നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കായിരിക്കും നേരിയ മുന്‍തൂക്കമെന്ന് പഠാന്‍ അഭിപ്രായപ്പെടുന്നു.

വൈവിധ്യം

മത്സരം ഓസ്‌ട്രേലിയയില്‍ നടക്കുന്നുവെന്നതും ടീമില്‍ ഇടംകയ്യന്‍ പേസറായി മിച്ചല്‍ സ്റ്റാര്‍ക്കുണ്ടെന്നതും കംഗാരുപ്പടയ്ക്ക് നേരിയ മുന്‍തൂക്കം സമര്‍പ്പിക്കും. വലംകയ്യന്‍ പേസര്‍മാരെ അപേക്ഷിച്ച് ഇടംകയ്യന്‍ പേസര്‍മാരാണ് കൂടുതല്‍ വൈവിധ്യമാര്‍ന്ന ബൗളിങ് കാഴ്ച്ചവെക്കാറ്. ഒപ്പം വലംകയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എതിരെ ഇടംകയ്യന്‍ പേസര്‍മാര്‍ സൃഷ്ടിക്കുന്ന ആംഗിളും കളിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്, ഇര്‍ഫാന്‍ പഠാന്‍ അറിയിച്ചു.

സ്റ്റാർക്കിന്റെ സാന്നിധ്യം

എന്തായാലും മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെയായിരിക്കും ഇത്തവണ ഇന്ത്യയ്ക്ക് മുന്നില്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുക. പന്തിനെ ഇരുവശത്തേക്കും സ്വിങ്ങ് ചെയ്യിക്കാനുള്ള സ്റ്റാര്‍ക്കിന്റെ കഴിവ് സുപ്രസിദ്ധമാണ്. കഴിഞ്ഞതവണ പെര്‍ത്തില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിനെതിരെ സ്റ്റാര്‍ക്ക് സൃഷ്ടിച്ച ആംഗിളും ബൗണ്‍സും ക്രിക്കറ്റ് ലോകത്ത് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതേ മികവ് അഡ്‌ലെയ്ഡിലും മെല്‍ബണിലും സിഡ്‌നിയിലും സ്റ്റാര്‍ക്ക് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കുഴങ്ങാന്‍ സാധ്യത കൂടുതലാണ്.

Story first published: Sunday, November 22, 2020, 16:19 [IST]
Other articles published on Nov 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X