For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മിത്തിനെതിരെ ബൗണ്‍സറുകള്‍ പരീക്ഷിച്ചോളൂ, ഇന്ത്യയെ വെല്ലുവിളിച്ച് ഓസ്‌ട്രേലിയ

നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ മൂന്നുവീതം ട്വന്റി-20, ഏകദിന മത്സരങ്ങള്‍ ഇന്ത്യ കളിക്കാനിരിക്കുകയാണ്. ഇതിന് പുറമെ നാലു ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായും ഇരു ടീമുകളും കൊമ്പുകോര്‍ക്കും. പറഞ്ഞുവരുമ്പോള്‍ ടെസ്റ്റ് പരമ്പരയെച്ചൊല്ലിയാണ് ആരാധകരുടെ ആവേശം മുഴുവന്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാമതുള്ള ഓസ്‌ട്രേലിയയും രണ്ടാമതുമുള്ള ഇന്ത്യയും തമ്മിലെ പോരാട്ടങ്ങള്‍ക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു.

IND vs AUS- ODI Series Will Be Really Tough For India: Tim Paine
ടെസ്റ്റ് പരമ്പര

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഒരുഭാഗത്ത് നില്‍ക്കെ, കഴിഞ്ഞതവണത്തെ തോല്‍വിയുടെ കണക്കും ഓസ്‌ട്രേലിയക്ക് തീര്‍ക്കാനുണ്ട്. കഴിഞ്ഞപ്രാവശ്യം വിരാട് കോലിയും കൂട്ടരും വന്ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക ജയം കുറിച്ചിരുന്നു. സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കാറില്ലെന്ന കംഗാരുപ്പടയുടെ 'ഹുങ്കും' ഇതോടെ അവസാനിച്ചു. അന്ന് പന്തു ചുരണ്ടല്‍ വിവാദത്തില്‍ തകര്‍ന്നുനിന്ന, സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസ്‌ട്രേലിയന്‍ ടീമിനെയാണ് ഇന്ത്യ നേരിട്ടതും തോല്‍പ്പിച്ചതും.

വെല്ലുവിളി

എന്നാല്‍ ഇത്തവണ ചിത്രം മാറും. വിലക്ക് കഴിഞ്ഞ് സ്മിത്തും വാര്‍ണറും ടീമില്‍ തിരിച്ചെത്തി. ലോക മൂന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ മാര്‍നസ് ലബ്യുഷെയ്‌ന്റെ സാന്നിധ്യവും ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം കൂട്ടുന്നു. എന്തായാലും ഇരുപക്ഷത്തും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ ബൗളര്‍മാരെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് പരിശീലകന്‍ ആന്‍ഡ്രു മക്‌ഡോണള്‍ഡ്.

ബൌൺസർ

'സ്റ്റീവ് സ്മിത്തിന് എതിരെ ബൗണ്‍സറുകള്‍ പരീക്ഷിച്ചോളൂ', ഞായറാഴ്ച്ച നടന്ന അഭിമുഖത്തില്‍ മക്‌ഡോണള്‍ഡ് അറിയിച്ചു. ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ സ്മിത്തിന് കഴിയില്ലെന്നത് തെറ്റായ പ്രചരണമാണ്. ഇന്ത്യന്‍ ബൗളര്‍മാരുടെ ബൗണ്‍സര്‍ ആക്രമണങ്ങള്‍ നേരിടാന്‍ സ്മിത്തിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് ഓസ്‌ട്രേലിയന്‍ പരീശീലകന്‍ അറിയിച്ചു.

ആർച്ചർക്ക് എതിരെ

'ഷോര്‍ട്ട് ബോളുകള്‍ സ്മിത്തിന്റെ പോരായ്മയാണെന്ന് തോന്നുന്നില്ല. സ്മിത്തിനെ തുടക്കത്തിലെ പുറത്താക്കാനായി ബൗണ്‍സറുകളെ ആയിരിക്കും ഇന്ത്യ ആശ്രയിക്കുക. സ്മിത്തിനെ പുറത്താക്കിയതിന് ശേഷം സാധാരണ പ്ലാനിലേക്ക് ഇന്ത്യ മടങ്ങും', ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മക്‌ഡോണള്‍ഡ് പറഞ്ഞു.

'മുന്‍പും ഇന്ത്യ ഈ തന്ത്രം പയറ്റിയിട്ടുണ്ട്. എന്നാല്‍ ബൗണ്‍സറുകള്‍ നേരിടാന്‍ സ്മിത്തിന് ബുദ്ധിമുട്ടില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. മുന്‍കാല ടെസ്റ്റ് മത്സരങ്ങളില്‍ ലോകം ഇത് കണ്ടതുമാണ്. ജോഫ്ര ആര്‍ച്ചറിന് എതിരെ ഒരിക്കല്‍ മാത്രമാണ് അദ്ദേഹം പതറിയത്. അന്ന് സ്മിത്തിന് പരിക്കേറ്റു. എന്നാല്‍ തിരിച്ചുവന്നതിന് ശേഷം അനായാസമാണ് താരം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് എതിരെ റണ്‍സടിച്ചത്', മക്‌ഡോണള്‍ഡ് ഓര്‍മ്മപ്പെടുത്തി.

ടെസ്റ്റ് ചാംപ്യൻഷിപ്പ്

ബൗണ്‍സറുകളായിരിക്കും ഇന്ത്യയുടെ പ്രധാന ആയുധം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ലെഗ് ഗള്ളി, ഡീപ് സ്‌ക്വയര്‍, ഡീപ് പോയിന്റ് എന്നിവടങ്ങളില്‍ ഫീല്‍ഡര്‍മാരെ ഇന്ത്യ അണിനിരത്തും. മിച്ചമുള്ളവരെല്ലാം ഓഫ് സൈഡിലായിരിക്കും പവര്‍പ്ലേ സമയത്ത് നിലയുറപ്പിക്കുക. കഴിഞ്ഞതവണ ഓസ്‌ട്രേലിയ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ ടീം ഇതേ തന്ത്രമാണ് സ്മിത്തിനെതിരെ പയറ്റിയത്. എന്നാല്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍ സ്മിത്തിന് മുന്നില്‍ വിലപോയില്ല. ബെംഗളൂരു ഏകദിനത്തില്‍ 131 റണ്‍സാണ് സ്മിത്ത് കുറിച്ചത്', മക്‌ഡോണള്‍ഡ് സൂചിപ്പിച്ചു.

ഡിസംബര്‍ 17 -നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയയും തമ്മിലെ ആദ്യ ടെസ്റ്റിന് തുടക്കമാവുക. അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി ടെസ്റ്റ് അരങ്ങേറും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് ബോര്‍ഡ് ഗവാസ്‌കര്‍ ട്രോഫിയിലുള്ള നാലു ടെസ്റ്റ് മത്സരങ്ങളും.

Story first published: Sunday, November 22, 2020, 18:25 [IST]
Other articles published on Nov 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+