'തോല്‍വിക്ക് കാരണം കോലിയുടെ ക്യാപ്റ്റന്‍സിയല്ല', സഹതാരങ്ങളെ പഴിച്ച് ഹര്‍ഭജന്‍ സിങ്

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരെയും ടീം തിരഞ്ഞെടുപ്പിനെതിരെയും ശക്തമായ വിമര്‍ശനങ്ങളുണ്ട്. ഇപ്പോഴിതാ തോല്‍വിക്ക് കാരണം കോലിയല്ലെന്നും സഹ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് കാരണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

കോലിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ഹര്‍ഭജന്‍ സ്വീകരിച്ചത്. 'ക്യാപ്റ്റനെന്ന നിലയില്‍ കോലി യാതൊരു വിധ സമ്മര്‍ദ്ദത്തിനും അടിമപ്പെട്ടെന്ന് ഞാന്‍ കരുതുന്നില്ല. നായകസ്ഥാനം കോലിക്ക് ഒരു ബാധ്യതയല്ല. വെല്ലുവിളികളെ വളരെയധികം ഇഷ്ടപ്പെടുന്നവനാണവന്‍. നായകനാണ് അവന്‍. ടീം ജയിച്ച പല തവണയും മുന്നില്‍ നിന്ന് തന്നെ അവന്‍ നയിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സി കോലിയെ ബാധിക്കുന്നുണ്ടെന്ന് കരുതുന്നില്ല.

വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി സമീപകാലത്തായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കെ എല്‍ രാഹുലിന്റെ സമീപകാല പ്രകടനവും മികച്ചതാണ്. എന്നാല്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥിരതയോടെ കളിക്കാന്‍ കെല്‍പ്പുള്ള ചില താരങ്ങള്‍ കൂടി ഇന്ത്യന്‍ ടീമിനാവശ്യമുണ്ട്. സ്ഥിരതയോടെ സഹതാരങ്ങള്‍ക്ക് കളിക്കാനായാല്‍ അല്‍പ്പം കൂടി സ്വതന്ത്രമായി കളിക്കാന്‍ കോലിക്ക് സാധിക്കും. ടീമിന് ആവിശ്യമായ രീതിയില്‍ മത്സരം ആസ്വദിച്ച് കളിക്കാനും കോലിക്ക് സാധിക്കും'-ഹര്‍ഭജന്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ വിരാട് കോലി ബാറ്റിങ്ങില്‍ നിറം മങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. എന്നാല്‍ മത്സരം ജയിപ്പിക്കാന്‍ പ്രാപ്തമാകുന്ന രീതിയിലുള്ള പ്രകടനം കോലിയില്‍ നിന്നുണ്ടായിട്ടില്ല. കോലിക്ക് പിന്തുണ നല്‍കുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെടുന്നു. ഓസ്‌ട്രേലിയക്ക് ലഭിക്കുന്നതുപോലെ മികച്ചൊരു തുടക്കം ഇന്ത്യക്ക് ലഭിക്കുന്നില്ലെന്നത് ടീമിനെ വല്ലാതെ ബാധിക്കുന്നു. രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ് നിരയെ കാര്യമായി ബാധിക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഇന്ത്യന്‍ താരവും ഓസ്‌ട്രേലിയയില്‍ കൂടുതല്‍ ഏകദിന റണ്‍സുള്ള താരവും രോഹിതാണ്.

സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങിനെയും ഹര്‍ഭജന്‍ സിങ് പ്രശംസിച്ചു. 'സ്പിന്നര്‍മാരെ സ്റ്റീവ് സ്മിത്ത് നേരുടന്നത് കാണാന്‍ മനോഹരമാണ്. യുസ് വേന്ദ്ര ചഹാലായാലും കുല്‍ദീപ് യാദവായാലും സ്മിത്ത് ക്രീസിലെത്തുമ്പോള്‍ ഏകദേശം 6-7 ഓവര്‍ എറിയേണ്ടി വരും. എന്നാല്‍ സ്മിത്ത് സ്പിന്നിനെ മനോഹരമായി നേരിടുന്നു'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ രണ്ട് മത്സരത്തിലും 62 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സ്മിത്തിന് സാധിച്ചിരുന്നു. മൂന്നാം ഏകദിനത്തിലും സ്മിത്തിന്റെ ബാറ്റിങ്ങിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. മൂന്ന് മത്സര പരമ്പര ഇതിനോടകം ഓസ്‌ട്രേലിയ സ്വന്തമാക്കി കഴിഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, November 30, 2020, 11:27 [IST]
Other articles published on Nov 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X