ഗിൽ കളിക്കുന്നത് കോലിയെ പോലെയെന്ന് ദിനേശ് കാർത്തിക്; 'നിലവിൽ ടി20 ടീമിൽ ഇടം നേടുക എളുപ്പമല്ല'
ന്യൂഡൽഹി: ഓസീസിനെതിരായ ഒന്നാം ടി20 മത്സരത്തിന് പ്രതീക്ഷ ഫലമായിരുന്നില്ല ലഭിച്ചത്. കാൻബറയിൽ നടന്ന കളി മഴ തടസ്സപ്പെടുത്തിയപ്പോഴും ഇന്ത്യയ്ക്ക് ആശ്വസിക്കാൻ ഏറെയുണ്ടായിരുന്നു. സൂര്യകുമാർ ഫോമിലേക്ക് ഉയർന്നത് അതിൽ പ്രധാനമാണ്. ഒപ്പം ഗിൽ പുറത്തെടുത്ത പ്രകടനവും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. പ്രൈം ടൈമിലെ വിരാട് കോഹ്‌ലിയുടെ സ്ഥിരതയാർന്ന ബാറ്റിംഗ് ശൈലിയോടാണ് പലരും ഗില്ലിന്റെ ശൈലിയെ താരതമ്യം ചെയ്യുന്നത്.
ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ ഗിൽ, 20 പന്തിൽ നിന്ന് പുറത്താകാതെ 37 റൺസെടുത്തു നിൽക്കെയാണ് വീണ്ടും രസംകൊല്ലിയായി മഴയെത്തിയത്. പിന്നീട് ഏറെനേരം കാത്തിരുന്നെങ്കിലും മഴ കാരണം കളി ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും ഗില്ലിന്റെ പ്രകടനം കോഹ്‌ലിയുടെ തനത് ശൈലിയിലുള്ള മികവിനെയും, കളിയോടുള്ള സമീപനത്തെയും ഓർമ്മിപ്പിച്ചു.

മികച്ച ടൈമിങ്ങോടും സാങ്കേതിക തികവോടും കൂടിയാണ് ഗിൽ ഇന്നലെ ബാറ്റ് വീശിയത്. അനാവശ്യ റിസ്‌കുകൾ എടുക്കാതെ തന്നെ 185 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഇത് ഗില്ലിന്റെ കളിയിലെ പക്വതയും സ്ഥിരതയും എടുത്ത് പറയുന്ന ഒന്നായിരുന്നു. അത് കൊണ്ട് തന്നെ മുൻ താരങ്ങൾ ഉൾപ്പെടെ ഇന്ത്യൻ വൈസ് ക്യാപ്റ്റനെ പുകഴ്ത്തി രംഗത്ത് വരികയാണ്.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്ററുമായ ദിനേശ് കാർത്തികും ഗില്ലിന്റെ പ്രകടനത്തെ പ്രശംസിച്ചു. വിരാട് കോഹ്‌ലി ഏകദിനങ്ങളിൽ ചെയ്യുന്നതുപോലെയാണ് ഗിൽ കളിച്ചതെന്നായിരുന്നു കാർത്തിക് ക്രിക്ബസിനോട് സംസാരിക്കവെ ചൂണ്ടിക്കാട്ടിയത്. മത്സരത്തിൽ ഗിൽ-സൂര്യകുമാർ സഖ്യം മികച്ച പാർട്‌ണർഷിപ്പ് പടുത്തുയർത്തുന്നതിന് ഇടയിലായിരുന്നു കാലാവസ്ഥയുടെ തടസം.
'സ്കോർകാർഡ് നോക്കുന്നതുവരെ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. ഇപ്പോൾ വന്നതേയുള്ളൂ എന്ന് തോന്നും, പക്ഷേ അപ്പോഴേക്കും അയാൾ 45 റൺസെടുത്തിട്ടുണ്ടാകും' കാർത്തിക് പറയുന്നു. കോഹ്‌ലിയെ പോലെ, അനായാസം റൺസ് നേടാനുള്ള ഗില്ലിന്റെ കഴിവിനെയാണ് ഇത് എടുത്തു കാണിക്കുന്നത്.
മാത്രമല്ല നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടി20 ടീമിലെ ശക്തമായ മത്സരത്തെക്കുറിച്ചും കാർത്തിക് സൂചിപ്പിച്ചു. ടീമിൽ ഗില്ലിന്റെ സ്ഥാനം ഉറപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. 'സഞ്ജു സാംസൺ ഓപ്പണറായി വരുന്നത് മുതൽ യശസ്വി ജയ്‌സ്വാൾ, റുതുരാജ്, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾ പുറത്തുണ്ട്. ടി20 ടീമിൽ ഇടം നേടിക എന്നത് ഇപ്പോൾ എളുപ്പമല്ല' കാർത്തിക് അഭിപ്രായപ്പെട്ടു.
'സ്ഥിരതയും അസാമാന്യമായ കഴിവുകളും വേണം. ഓരോ രണ്ടാമത്തെയോ മൂന്നാമത്തെയോ കളിയിൽ മാച്ച് വിന്നിംഗ് പ്രകടനം നടത്തേണ്ടതുണ്ട്. അത്രയേറെ ആഴമുണ്ട് ഇന്ത്യൻ ടീമിന്' കാർത്തിക് കൂട്ടിച്ചേർത്തു. എങ്കിലും നിലവിൽ ഇന്ത്യയുടെ ടെസ്‌റ്റ്, ഏകദിന ടീമുകളിൽ ക്യാപ്റ്റനായും ടി20 ടീമിൽ വൈസ് ക്യാപ്റ്റനായും ഗില്ലിന് ലഭിച്ച നേതൃത്വപരമായ പദവി അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചതായി കാർത്തിക് വിലയിരുത്തി.
അതേസമയം, അടുത്ത വർഷം ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി, ഗില്ലിന്റെ ഈ പ്രകടനം ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് വിരാട് കോലിയും രോഹിത് ശർമ്മയും ഏറ്റവും ചെറിയ ഫോർമാറ്റിൽ നിന്ന് ഒരുമിച്ച് വിരമിച്ചത് കൊണ്ട് തന്നെ കിരീടം നിലനിർത്തുക എന്ന വലിയ കടമ്പയാണ് ഇന്ത്യൻ യുവനിരയ്ക്ക് മുന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications