'ജഴ്‌സിയല്ലിത് പരസ്യപോസ്റ്റര്‍', ബിസിസിഐക്ക് എതിരെ ആരാധകരുടെ രോഷം

പുതിയ ജഴ്‌സിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിന, ട്വന്റി-20 പരമ്പരകള്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. സിഡ്‌നിയിലെ ആദ്യ ഏകദിനത്തിന് മുന്നോടിയായി പുതിയ ജഴ്‌സി ധരിച്ച ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 1992 -ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ധരിച്ചിരുന്ന കുപ്പായമാണ് പുതിയ ജഴ്‌സിക്ക് പ്രചോദനം. കടുംനീലയില്‍ ഒരുങ്ങുന്ന ജഴ്‌സിയുടെ ചുമലില്‍ വെള്ള, ചുവപ്പ്, പച്ച, നീല 'റെട്രോ' വരകള്‍ കാണാം.

സംഭവം 'ജോറായിട്ടുണ്ട്'. പക്ഷെ ജഴ്‌സിയില്‍ സ്‌പോണ്‍സര്‍മാരുടെ ലോഗോ വലുതായിപ്പോയെന്ന ആക്ഷേപം ആരാധകര്‍ ഉന്നയിക്കുന്നു. പ്രധാന സ്‌പോണ്‍സറായ ബൈജൂസിന്റെ ലോഗോയ്ക്ക് 'ഇന്ത്യ'യോളംതന്നെ വലുപ്പമുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ കിറ്റ് സ്‌പോണ്‍സറായ മൊബൈല്‍ പ്രീമിയര്‍ ലീഗ് സ്‌പോര്‍ട്‌സ് കമ്പനിക്കും ജഴ്‌സിയില്‍ വലിയ പ്രാധാന്യം കാണാം.

ഇടതു നെഞ്ചില്‍ ബിസിസിഐയുടെ ലോഗോ പതിയുമ്പോള്‍ അത്രയുംവലുപ്പത്തില്‍ത്തന്നെ വലതു നെഞ്ചില്‍ എംപിഎല്‍ സ്‌പോര്‍ട്‌സ് ലോഗോയും ഒരുങ്ങുകയാണ്. ജഴ്‌സിയുടെ ഇടത് കയ്യിലും ബൈജുസിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. എന്തായാലും ആകെമൊത്തം എഴുത്തുകുത്ത് നിറഞ്ഞ പരസ്യപോസ്റ്ററായി ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി മാറിയെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പരിഭവം.

നിലവില്‍ ഫാന്റസി ഗെയ്മിങ് ആപ്പായ മൊബൈല്‍ പ്രീമിയര്‍ ലീഗ് സ്‌പോര്‍ട്‌സാണ് ഇന്ത്യന്‍ ദേശീയ ടീമിന് കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. മൂന്നു വര്‍ഷത്തേക്കാണ് എംപിഎല്ലുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കരാര്‍. കരാര്‍ തുകയാകട്ടെ 120 കോടി രൂപയും. നേരത്തെ, സ്‌പോര്‍ട്‌സ് സാമഗ്രികള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനി — നൈക്കിയായിരുന്നു ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നൈക്കി സ്‌പോണ്‍സര്‍ഷിപ്പ് പദവിയൊഴിയുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് എംപിഎല്‍ സ്‌പോര്‍ട്‌സുമായി ബിസിസിഐ ധാരണയിലെത്തി. ഇന്ത്യയ്ക്ക് സമാനമായി ഓസ്‌ട്രേലിയയും പുതിയ ജഴ്‌സിയിലാണ് സിഡ്‌നിയില്‍ കളിക്കാനിറങ്ങുക. ഈ മാസമാദ്യം പുതിയ ജഴ്‌സി ക്രിക്കറ്റ് ഓസ്‌ട്രേലിയ അനാവരണം ചെയ്തിരുന്നു. ഇത്തവണ ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാനപോരാട്ടമാണ് മുന്നിലുള്ളത്. കഴിഞ്ഞതവണ (2018-19 കാലം) ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയില്‍ വന്ന് ടീമിനെ നാണംകെടുത്തിയിരുന്നു.

ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ കൈക്കലാക്കിയപ്പോള്‍ ട്വന്റി-20 പരമ്പര സമനിലയില്‍ പിരിഞ്ഞു. അന്ന് പന്തുചുരണ്ടല്‍ വിവാദത്തില്‍ പ്രതിക്കൂട്ടില്‍ നിന്ന ഓസ്‌ട്രേലിയയെയാണ് ഇന്ത്യ നേരിട്ടത്. എന്നാല്‍ ഇത്തവണ ചിത്രം മാറും. വിലക്ക് കഴിഞ്ഞ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പര്യടനത്തിന്റെ ഭാഗമായി മൂന്നുവീതം ഏകദിന, ട്വന്റി-20 പരമ്പരകള്‍ ഇരു ടീമുകളും തമ്മില്‍ കളിക്കും. ശേഷം നാലു മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയും അരങ്ങേറും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Thursday, November 26, 2020, 20:40 [IST]
Other articles published on Nov 26, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X