വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അറിയണം ഇന്ത്യയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയയുടെ ഗെയിം പ്ലാന്‍

മുന്നില്‍ ലക്ഷ്യം 375 റണ്‍സ്. പക്ഷെ ട്വന്റി-20 മത്സരത്തിന്റെ ലാഘവത്തോടെയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ക്രീസിലെത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ 20 റണ്‍സ്. ജോഷ് ഹേസല്‍വുഡിന്റെ രണ്ടാമത്തെ ഓവറില്‍ 12 റണ്‍സ്. അഞ്ചോവര്‍കൊണ്ടുതന്നെ സ്‌കോര്‍ബോര്‍ഡില്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും കൂടി 53 റണ്‍സ് കുറിച്ചു. തൊട്ടടുത്ത ഓവറില്‍ മായങ്ക് അഗര്‍വാള്‍ (22) പുറത്തായപ്പോഴും ഇന്ത്യയുടെ സമീപനത്തില്‍ മാറ്റമുണ്ടായില്ല. ധവാനൊപ്പം നായകന്‍ വിരാട് കോലിയും 'അടി' തുടങ്ങി.

Ind vs Aus: Aussies Bowlers Game Plan Against Indian Top order | Oneindia Malayalam
കെണി

പൊതുവേ സിംഗിളുകളും ഡബിളുകളും ഓടി ഇന്നിങ്‌സ് പടുത്തുയര്‍ത്താനാണ് കോലി ശ്രമിക്കാറ്. എന്നാല്‍ സിഡ്‌നി മൈതാനത്ത് ഇന്ത്യന്‍ നായകന്‍ പതിവ് രീതി മാറ്റിപ്പിടിച്ചു. കമ്മിന്‍സിനെ തിരഞ്ഞുപിടിച്ചാണ് കോലി ആക്രമിച്ചത്. ഇതുകണ്ടതോടെ അത്യുഗ്രന്‍ 'ചേസ്' ആരാധകര്‍ മനസില്‍ ഉറപ്പിച്ചു. പക്ഷെ ഒന്‍പതാം ഓവറില്‍ കോലി (21) പുറത്തായി; പിന്നാലെ ശ്രേയസ് അയ്യറും (2). ഈ ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ പത്തോവറില്‍ മൂന്നിന് 80.

ആശയക്കുഴപ്പം

പറഞ്ഞുവരുമ്പോള്‍ ഹേസല്‍വുഡ് വിരിച്ച കെണിയില്‍ മായങ്കും കോലിയും ശ്രേയസും തലവെച്ചുകൊടുക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ബൗണ്‍സറുകള്‍ കളിക്കുന്നതിലെ പോരായ്മയാണ് ഓസ്‌ട്രേലിയ മുതലെടുത്തത്. സ്റ്റംപിന് നേരെയുള്ള പന്തുകള്‍ മായങ്ക് അനായാസം നേരിടുന്നതുകണ്ട ഹേസല്‍വുഡ് ആറാം ഓവറില്‍ ബൗണ്‍സര്‍കൊണ്ട് താരത്തെ അമ്പരപ്പിച്ചു. ശരീരത്തിലേക്ക് കുത്തിയുയര്‍ന്ന ഹേസല്‍വുഡിന്റെ പന്തിനെ എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പമാണ് ഈ സമയം മായങ്കിനുണ്ടായത്.

പുറത്തായി

ഓഫ് സൈഡിലേക്ക് ഷോട്ട് കളിക്കാനുള്ള ഇടമോ സാവകാശമോ മായങ്കിന് ലഭിച്ചില്ല. ഇതോടെ നെഞ്ചളവിലെത്തിയ പന്തിനെ ഓണ്‍ സൈഡിലേക്ക് തട്ടിയകറ്റാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. ഫലമോ, കവര്‍ പോയിന്റില്‍ നിന്ന് മാക്‌സ്‌വെല്ലിന് അനായാസ ക്യാച്ച് സൃഷ്ടിക്കപ്പെട്ടു. ഹേസല്‍വുഡിന്റെ 'ക്ലാസ്' മായങ്കിന്റെ പുറത്താകലില്‍ കാണാം.

കോലിയുടെ ചിത്രം

വിരാട് കോലിയുടെ ചിത്രവും മറ്റൊന്നല്ല. മുന്‍ ഓവറുകളില്‍ കമ്മിന്‍സിനെതിരെ കോലി നടത്തിയ പ്രകടനം സസൂക്ഷ്മം നിരീക്ഷിച്ചാണ് പത്താം ഓവറിനായി ഹേസല്‍വുഡ് കടന്നുവന്നത്. ഗുഡ് ലെങ്ത്, ഫുള്‍ ലെങ്ത് പന്തുകള്‍ 'ഫ്‌ളിക്ക്' ചെയ്യുന്ന കോലിയുടെ മാന്ത്രികമികവിന് ഓസ്‌ട്രേലിയ സാക്ഷിയായിരുന്നു. അതുകൊണ്ടാണ് ക്രീസില്‍ നിന്നും രണ്ടുചുവടിറങ്ങിയ കോലിയെ കണ്ടപാടെ ഹേസല്‍വുഡ് ബൗണ്‍സറിലേക്ക് തിരിഞ്ഞത്. ഓഫ് സ്റ്റംപിന് വെളിയില്‍ ഫുള്‍ ലെങ്തില്‍ പന്തെറിയുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ബൗളര്‍മാര്‍ ചെയ്യാറ്.

നിർബന്ധിതനായി

എന്നാല്‍ കോലിക്കെതിരെ നെഞ്ചളവിലുള്ള ബൗണ്‍സറാണ് ഹേസല്‍വുഡ് പയറ്റിയത്. ആ സന്ദര്‍ഭത്തില്‍ അങ്ങനെയൊരു ബൗണ്‍സര്‍ കോലിയും പ്രതീക്ഷിച്ചില്ല.
ശരീരത്തിലേക്ക് പന്തെത്തിയപ്പോള്‍ 'പുള്‍' ഷോട്ടല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇന്ത്യന്‍ നായകന് മുന്നിലുണ്ടായില്ല. ഹേസല്‍വുഡ് വിരിച്ച കെണിയും ഇതുതന്നെ. സില്ലി മിഡ്ഓണ്‍ പൊസിഷനില്‍ ക്യാച്ച് കാത്തുനിന്ന ആരോണ്‍ ഫിഞ്ച് പന്തിനെ കൃത്യമായി കൈപ്പിടിയിലൊതുക്കി.

ശ്രേയസിന്റെ മടക്കം

നേരത്തെ, കമ്മിന്‍സിന്റെ ഏഴാം ഓവറിലും കോലി ബൗണ്‍സറിന് മുന്നില്‍ പതറിയിരുന്നു. എന്നാല്‍ പാളിപ്പോയ കോലിയുടെ 'ഹുക്ക്' ഷോട്ട് അനായാസം കൈപ്പിടിയിലാക്കാന്‍ ഫൈന്‍ ലെഗില്‍ നിന്ന ആദം സാംപയ്ക്ക് കഴിയാതെ പോയി. ശ്രേയസ് അയ്യറാണ് ഹേസല്‍വുഡിന്റെ അടുത്ത ഇര. ഇദ്ദേഹത്തിന്റെ ബൗണ്‍സറിന് മുന്നില്‍ നിന്നും തലയൂരി മാറ്റാനാണ് ശ്രേയസ് ശ്രമിച്ചത്. ഇതിനായി പാതി ഓങ്ങിയ 'പുള്‍' ഷോട്ട് താരം വേണ്ടെന്നുംവെച്ചു. ബൗണ്‍സറില്‍ നിന്ന് തല രക്ഷിച്ചെങ്കിലും പന്ത് ബാറ്റില്‍ത്തട്ടി കീപ്പര്‍ക്ക് അനായാസ ക്യാച്ച് കിട്ടി.

മോഹം കെട്ടണഞ്ഞു

പത്തോവര്‍ തീരുംമുന്‍പ് മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീണതാണ് ഇന്ത്യയുടെ പതനത്തിനുള്ള പ്രധാന കാരണം. 14 ആം ഓവറില്‍ കെഎല്‍ രാഹുലിനെ ആദം സാംപ പറഞ്ഞയക്കുകകൂടി ചെയ്തതോടെ കരുതലോടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരേണ്ട ഗതികേടിലായി ഹാര്‍ദിക്കും ധവാനും. തങ്ങള്‍ക്ക് ശേഷം ആരുമില്ലെന്ന തിരിച്ചറിവോടെയാണ് ഇരുവരും തുടര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 35 ആം ഓവര്‍വരെ ഈ കൂട്ടുകെട്ട് മുന്നോട്ടുപോയി. ധവാനാണ് ആദ്യം വീണത്. 39 ആം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സകലെ ഹാര്‍ദിക്കും പുറത്തായപ്പോള്‍ ഇന്ത്യയുടെ ജയമോഹങ്ങള്‍ കെട്ടണഞ്ഞു.

Story first published: Friday, November 27, 2020, 21:42 [IST]
Other articles published on Nov 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X