സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാവുകയാണ്. സിഡ്‌നിയിലാണ് വേദി. നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ത്തന്നെ സിഡ്‌നിയിലെ മത്സര ഫലം ഇരുകൂട്ടര്‍ക്കും വളരെ നിര്‍ണ്ണായകമാണ്. സിഡ്‌നിയില്‍ ഇരു ടീമിലും മാറ്റങ്ങളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ നിരയിലേക്ക് രോഹിത് ശര്‍മയുടെ വരവ് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആകാശ് ടീമിനെ തിരഞ്ഞെടുത്തത്.
രണ്ട് വ്യത്യാസങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടാവാനാണ് സാധ്യതയെന്നാണ് ആകാശ് പറയുന്നത്. ഏറെ നാളായി കാത്തിരിക്കുന്ന രോഹിത് ശര്‍മ ഓപ്പണറായി കളിക്കുമെന്നാണ് ആകാശ് പറഞ്ഞത്. വൈസ് ക്യാപ്റ്റന്‍ രോഹിത് എത്തുന്നതോടെ മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിനാവും സ്ഥാനം നഷ്ടമാവുകയെന്നും അദ്ദേഹം പറയുന്നു.
മെല്‍ബണിലൂടെ അരങ്ങേറ്റം നടത്തിയ ശുബ്മാന്‍ ഗില്‍ ആദ്യ വരവില്‍ത്തന്നെ മികവ് കാട്ടിയതിനാല്‍ സ്ഥാനം നിലനിര്‍ത്തുമെന്നും ആകാശ് വിലയിരുത്തി.ആദ്യ രണ്ട് ടെസ്റ്റിലും മായങ്കിന് പ്രതീക്ഷ കാക്കാന്‍ സാധിച്ചിരുന്നില്ല. ഷോട്ട് സെലക്ഷനിലും സ്റ്റാന്റിങ് പൊസിഷനിലുമെല്ലാം മായങ്കിന് പ്രശ്‌നമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയും കോലിയുടെ അഭാവത്തില്‍ നായകന്‍ അജിന്‍ക്യ രഹാനെ നാലാം നമ്പറിലും കളിക്കും. അഞ്ചാം നമ്പറില്‍ ഹനുമ വിഹാരിയെ മാറ്റേണ്ടെന്നാണ് ആകാശ് പറയുന്നത്. അവന്‍ മികച്ച താരമാണ്. സന്നാഹ മത്സരത്തില്‍ സെഞ്ച്വറിയടക്കം നേടിയത്. മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ അവനെ മാറ്റേണ്ട ആവിശ്യം നിലവിലില്ലെന്നും ആകാശ് പറഞ്ഞു.
പേസ് ബൗളര്‍മാരുടെ പരിക്കാണ് ഇന്ത്യയുടെ പ്രധാന തലവേദന. ജസ്പ്രീത് ബൂംറ ഒഴികെയുള്ള സീനിയര്‍ പേസ് ബൗളര്‍മാരെല്ലാം പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിനെയും പരിക്ക് പിടികൂടിയതോടെ പകരക്കാരനായി സിഡ്‌നിയില്‍ ആര് ഇറങ്ങുമെന്നത് വലിയ ചോദ്യമാണ്.
ആകാശിന്റെ അഭിപ്രായത്തില്‍ നവദീപ് സൈനിയാണ് ഉമേഷിന്റെ ഉത്തമ പകരക്കാരന്‍. നടരാജനെക്കാളും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പരിചയവും കൂടുതല്‍ വിക്കറ്റും സൈനിക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശര്‍ദുല്‍ ഠാക്കൂര്‍ മൂന്നാം പേസറായി എത്താനും സാധ്യത കൂടുതലാണ്. മുഹമ്മദ് സിറാജ് സ്ഥാനം നിലനിര്‍ത്തും.
ആകാശ് ചോപ്ര തിരഞ്ഞെടുത്ത പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബൂംറ, മുഹമ്മദ് സിറാജ്, നവദീപ് സൈനി.