സിഡ്‌നി ഏകദിനം: ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍

ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വലിയ തോല്‍വി പിണഞ്ഞിരിക്കുന്നു. വിരാട് കോലിക്കും സംഘത്തിനുമെതിരെ 66 റണ്‍സിന്റെ ജയമാണ് ഓസ്‌ട്രേലിയ കയ്യടക്കിയത്. ഐപിഎല്ലിന്റെ 'ഹാങ്ങോവറില്‍' കളിക്കാനെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി സിഡ്‌നിയിലെ മത്സരം. യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ കയ്യടി വാങ്ങിയ ബുംറയും മായങ്കും രാഹുലുമെല്ലാം ഓസ്‌ട്രേലിയക്ക് മുന്നില്‍ നനഞ്ഞ പടക്കങ്ങളായി.

India v Australia 2020, 1st ODI: 3 players who flopped | Oneindia Malayalam

മറുഭാഗത്ത് ഐപിഎല്ലില്‍ അമ്പെ നിരാശപ്പെടുത്തിയ മാക്‌സ്‌വെല്ലും ഫിഞ്ചും സ്മിത്തും ഇന്ത്യയ്‌ക്കെതിരെ കളംനിറഞ്ഞെന്നതും ശ്രദ്ധേയം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ വ്യത്യസ്ത സമീപനമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കൈക്കൊണ്ടത്. കംഗാരുക്കള്‍ക്കായി ഓപ്പണ്‍ ചെയ്ത ഫിഞ്ചും വാര്‍ണറും സാവധാനം സ്‌കോര്‍ബോര്‍ഡ് പടുത്തുയര്‍ത്തിയപ്പോള്‍ മായങ്കും ധവാനും കോലിയും ആക്രമിച്ചു കളിച്ചു. ഇന്ത്യയ്ക്ക് തിരിച്ചടിയായതും ഈ സമീപനംതന്നെ. മികച്ച തുടക്കം ലഭിച്ചെങ്കിലും മുന്‍നിരയുടെ പെട്ടെന്നുള്ള വീഴ്ച്ച ടീമിനെ സമ്മര്‍ദ്ദത്തിലാക്കി.

മറുഭാഗത്ത് ശക്തമായ അടിത്തറ ലഭിച്ചതിന് ശേഷമാണ് ഓസീസ് ഓപ്പണര്‍മാര്‍ ആക്രമണം തുടങ്ങിയത്. ഒപ്പം അഞ്ച് ബൗളര്‍മാര്‍ മതിയെന്ന കോലിയുടെ തീരുമാനവും ഓസ്‌ട്രേലിയക്ക് ഗുണം ചെയ്തു. സ്‌ക്വാഡില്‍ ഓള്‍റൗണ്ടര്‍മാരില്ലാത്താണ് കോലിയുടെ പുതിയ പ്രശ്‌നം. ഒപ്പം ഏഴാം നമ്പറിന് താഴോട്ട് ബാറ്റു ചെയ്യാനറിയുന്നവര്‍ ഇല്ലെന്നതും ഇന്ത്യയുടെ നില പരുങ്ങലിലാക്കുന്നു. ഈ അവസരത്തില്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണക്കാരായ മൂന്നു ഫ്‌ളോപ്പ് താരങ്ങളെ ചുവടെ കാണാം.

3. ശ്രേയസ് അയ്യര്‍

3. ശ്രേയസ് അയ്യര്‍

വിരാട് കോലി പുറത്തായപ്പോള്‍ ഏവരും കരുതി ശ്രേയസായിരിക്കും ഇന്ത്യയ്ക്കായി നിന്ന് കളിക്കുകയെന്ന്. ഐപിഎല്ലില്‍ ഡല്‍ഹിയുടെ ഇന്നിങ്‌സുകള്‍ക്ക് നങ്കൂരമിട്ട ചരിത്രമുണ്ട് ശ്രേയസിന്. നാലാം നമ്പറില്‍ മികവ് തെളിയിക്കാന്‍ ഇതിലും നല്ലൊരു അവസരം ശ്രേയസിന് കിട്ടാനുമില്ല.

എന്നാല്‍ സംഭവിച്ചതോ, വന്നതിലും വേഗത്തിലാണ് ശ്രേയസ് തിരിച്ചുനടന്നത്. ജോഷ് ഹേസല്‍വുഡിന്റെ ബൗണ്‍സറില്‍ നിന്നും തല രക്ഷിക്കാനുള്ള ശ്രമം വിക്കറ്റില്‍ കലാശിച്ചു. ബൗണ്‍സറിനെതിരെ മുഖം കാത്തെങ്കിലും ബാറ്റു ചലിച്ചില്ല. പന്ത് ബാറ്റില്‍ത്തട്ടി കീപ്പറുടെ കൈകളില്‍ അനായാസം എത്തുകയായിരുന്നു. ശ്രേയസിന്റെ മടക്കമാണ് ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്.

2. കെഎല്‍ രാഹുല്‍

2. കെഎല്‍ രാഹുല്‍

ശ്രേയസിന് ശേഷമാണ് കെഎല്‍ രാഹുലിന്റെ വരവ്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ജേതാവില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ നടന്നതോ, ആദം സാംപയുടെ ഫുള്‍ ടോസിനെ കവറില്‍ നിന്ന സ്റ്റീവ് സ്മിത്തിന്റെ കൈകളിലേക്ക് സമ്മാനിക്കുകയായിരുന്നു രാഹുല്‍.

14 ആം ഓവറില്‍ രാഹുല്‍ കൂടി പുറത്തായതോടെയാണ് ഇനി ബാറ്റു ചെയ്യാന്‍ ആരുമില്ലെന്ന തിരിച്ചറിവ് ഹാര്‍ദിക്ക് പാണ്ഡ്യയ്ക്കും ശിഖര്‍ ധവാനുമുണ്ടായത്. മുന്നില്‍ കൂറ്റന്‍ ലക്ഷ്യം നില്‍ക്കെ പതിവിലധികം കരുതലോടെ കളിക്കേണ്ട ഗതികേടിലായി ഇരുവരും. ഇതേസമയം, വിക്കറ്റ് കീപ്പറെന്ന നിലയില്‍ കെഎല്‍ രാഹുലിന്റെ പ്രകടനം പ്രശംസ അര്‍ഹിക്കുന്നുണ്ട്. മത്സരത്തില്‍ മൂന്നു നിര്‍ണായക ക്യാച്ചുകളാണ് താരമെടുത്തത്.

1. യുസ്‌വേന്ദ്ര ചഹാല്‍

1. യുസ്‌വേന്ദ്ര ചഹാല്‍

കോലിയുടെ വിശ്വസ്തന്‍. വിക്കറ്റ് ആവശ്യമുള്ളപ്പോഴെല്ലാം ചഹാലിനെയാണ് വിരാട് കോലി ആശ്രയിക്കാറ്. ഓസ്‌ട്രേലിയക്കെതിരെ പേസാക്രമണം ഫലപ്രദമാകുന്നില്ലെന്ന് കണ്ടപ്പോള്‍ ചഹാലിലേക്കാണ് ഇന്ത്യന്‍ നായകന്‍ പതിവുപോലെ തിരിഞ്ഞതും. എന്നാല്‍ യുസ്‌വേന്ദ്ര ചഹാലിനെ ഓസ്‌ട്രേലിയ കൃത്യമായി പഠിച്ചു. ഓഫ് സ്റ്റംപിന് വെളിയില്‍ ഉയര്‍ത്തിയിടാറുള്ള ചഹാലിന്റെ കെണിയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരാരും വീണില്ല. ഒരുതവണ മാക്‌സ്‌വെല്ലിനെ കുടുക്കാന്‍ സാധിച്ചെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ പിഴവ് താരത്തെ തുണച്ചു.

സിഡ്‌നിയിലെ മത്സരത്തോടെ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ് ചഹാലിനെ തേടിയെത്തി. പത്തോവറില്‍ 89 റണ്‍സ് വഴങ്ങിയ ചഹാലാണ് ഇപ്പോള്‍ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ തല്ലുകൊണ്ട ബൗളര്‍. മറുഭാഗത്ത് ഓസീസ് സ്പിന്നറായ ആദം സാംപ പത്തോവറില്‍ 54 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയെന്ന കാര്യം ചഹാലിന് മാനക്കേടുണ്ടാക്കുന്നുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Friday, November 27, 2020, 23:30 [IST]
Other articles published on Nov 27, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X