IND vs AUS 2nd ODI: ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം- തോറ്റാല്‍ പരമ്പര കൈവിടും
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം നാളെ സിഡ്‌നിയില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് നിര്‍ണ്ണായകം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം 66 റണ്‍സിന് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടും. എന്തുവിലകൊടുത്തും രണ്ടാം മത്സരം ജയിക്കാനുറച്ചാവും ഇന്ത്യ ഇറങ്ങുക. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഇന്ത്യ മാറ്റം വരുത്താനുള്ള സാധ്യത കൂടുതലാണ്. ബൗളിങ് നിരയിലെ പിഴവാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസീസിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചുവെന്നത് ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്. രണ്ടാം മത്സരത്തില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

നവദീപ് സൈനി പുറത്ത് ടി നടരാജന്‍ അകത്ത്
പരിക്കിന്റെ പിടിയിലായ നവദീപ് സൈനി രണ്ടാം ഏകദിനത്തില്‍ ടീമിലുണ്ടാകില്ല. ആദ്യ മത്സരത്തില്‍ത്തന്നെ പുറം വേദന അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നു. 10 ഓവറില്‍ 83 റണ്‍സാണ് സൈനി വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ സൈനിക്ക് പകരം മറ്റൊരു പേസ് ബൗളറെത്തും. ഇത്തവണത്തെ ഐപിഎല്ലിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ടി നടരാജന് അവസരം ലഭിക്കാനാണ് സാധ്യത. കാരണം ഇടം കൈയന്‍ പേസര്‍മാരായി മറ്റാരും ഇന്ത്യന്‍ ടീമിലില്ല. കൂടാതെ മികച്ച രീതിയില്‍ യോര്‍ക്കര്‍ ചെയ്യാനുള്ള നടരാജന്റെ മികവ് ഓസീസിന് വെല്ലുവിളി ഉയര്‍ത്തും. ഓസീസ് താരങ്ങള്‍ കളിച്ച് പരിചയ സമ്പത്ത് കുറവുള്ള ബൗളറെന്ന നിലയിലും നടരാജന് ആധിപത്യം കാട്ടാനാവും. ശര്‍ദുല്‍ ഠാക്കൂറിനെ മറികടന്ന് നടരാജന്‍ പ്ലേയിങ് ഇലവനില്‍ എത്തുമോയെന്ന് കാത്തിരുന്ന് കാണാം.

മായങ്കിന് പകരം മനീഷ് പാണ്ഡെ
ഓപ്പണറെന്ന നിലയില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തേണ്ടതുണ്ട്. അതിനാല്‍ത്തന്നെ മായങ്ക് അഗര്‍വാളിനെ പുറത്തിരുത്തി പകരം മനീഷ് പാണ്ഡെയെ ഇന്ത്യ കളിപ്പിച്ചേക്കും. അങ്ങനെ വന്നാല്‍ രാഹുലിന് ധവാനൊപ്പം ഓപ്പണ്‍ ചെയ്യാനാവും. അഞ്ചാം നമ്പറില്‍ മനീഷ് ഇറങ്ങും. മധ്യനിരയില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് മനീഷ്. ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡ് മനീഷിനുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യ ഈ മാറ്റത്തിന് തയ്യാറായേക്കും. മായങ്കും (22) രാഹുലും (12) ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു.

ചഹാലിന് പകരം കുല്‍ദീപ്
ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം പ്രകടനമാണ് ഒന്നാം ഏകദിനത്തില്‍ യുസ് വേന്ദ്ര ചഹാല്‍ വഴങ്ങിയത്. 10 ഓവറില്‍ 89 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. അതിനാല്‍ ചഹാലിന് പകരം കുല്‍ദീപ് യാദവിനെ പരീക്ഷിച്ചേക്കും. ഓസീസ് മണ്ണില്‍ മികച്ച ബൗളിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന കുല്‍ദീപിന്റെ ചൈനാമാന്‍ ബൗളിങ് ടീമിന് കരുത്താകുമെന്ന് വിശ്വസിക്കാം. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications