കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20 സഞ്ജു സാംസണും ഇഷാന്‍ കിഷനും കരുത്ത് തെളിയിക്കാനുള്ള അഗ്നിപരീക്ഷയായിരുന്നു. രണ്ട് പേരെയും ഒന്നിച്ച് പ്ലേയിങ് 11ലേക്കെത്തിച്ചപ്പോള്‍ ബാറ്റിങ്ങില്‍ സഞ്ജുവിന് മൂന്നാം നമ്പറില്‍ അവസരം ലഭിച്ചു. എന്നാല്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനായിരുന്നു അവസരം. ഇതോടെ തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം കീപ്പര്‍ ഇഷാന്‍ കിഷനാണെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
മത്സരത്തില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനമാണ് ഇഷാന്‍ കാഴ്ചവെച്ചത്. അതിവേഗ സ്റ്റംപിങ്ങിലൂടെയാണ് യുവ വിക്കറ്റ് കീപ്പര്‍ കൈയടി നേടുന്നത്. 18ാം ഓവറിലാണ് സംഭവം. ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 42 റണ്‍സ്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ബാറ്റ് ചെയ്യുമ്പോള്‍ സ്‌ട്രൈക്കില്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണക ബാറ്റ് ചെയ്യുന്നു. വരുണിന്റെ ക്യാരം ബോളില്‍ ദസുണിന്റെ ബാലന്‍സ് തെറ്റി. സെക്കന്റുകള്‍ക്കുള്ളില്‍ത്തന്നെ സ്റ്റംപിങ് പൂര്‍ത്തിയാക്കിയ ഇഷാന്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു.

തേര്‍ഡ് അംപയറിന്റെ പരിശോധനയില്‍ സ്റ്റംപ് ചെയ്യുന്ന സമയത്ത് ദസുണിന്റെ കാല്‍ ക്രീസില്‍ കുത്തിയിരുന്നില്ല. ഇതോടെ വരുണിന് ഇന്ത്യന്‍ ജഴ്‌സിയിലെ കന്നി വിക്കറ്റും ലഭിച്ചു. എന്നാല്‍ വിക്കറ്റിന് പിന്നിലെ ഇഷാന്റെ മികവിനാണ് കൈയടി കൂടുതല്‍ ലഭിച്ചത്. പല ആരാധകരും ധോണിയുമായാണ് ഇഷാനെ താരതമ്യം ചെയ്തത്. 2018ലെ ഐപിഎല്ലിലെ ഡല്‍ഹി-സിഎസ്‌കെ മത്സരത്തില്‍ ശ്രേയസ് അയ്യരെയും കോളിന്‍ ഇന്‍ഗ്രാമിനെയും ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇഷാന്റെ സ്റ്റംപിങ്ങെന്നാണ് ആരാധകര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
'എന്തൊരു സ്റ്റംപിങ്ങാണിത്,രണ്ടാം ധോണി' എന്നാണ് ആയൂഷ് എന്ന ആരാധകന്‍ പ്രതികരിച്ചത്. ധോണിയുടെ നിലവാരത്തിലുള്ള പ്രകടനമെന്നാണ് പല ആരാധകരും വിശേഷിപ്പിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാക് അപ് കീപ്പറും കൂടിയാണ് ഇഷാന്‍. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത രണ്ട് ടി20യിലും ഇന്ത്യക്കായി വിക്കറ്റ് കീപ്പറാവുക ഇഷാന്‍ തന്നെയാവും.
ബാറ്റിങ്ങില്‍ ഏത് പൊസിഷനിലും തിളങ്ങുന്നുവെന്നതാണ് ഇഷാന്റെ സവിശേഷത. ഓപ്പണറായും രണ്ടാമനായും തിളങ്ങിയ ഇഷാന്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ആറാം നമ്പറിലിറങ്ങി 14 പന്തില്‍ 20 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു ഫോറും സിക്‌സും ഉള്‍പ്പെടും. സഞ്ജു സാംസണിന് തുടരെ അവസരങ്ങള്‍ ലഭിച്ചിട്ടും തിളങ്ങാനാവാത്തതിനാല്‍ ഇനിയൊരു അവസരം ലഭിക്കുക പ്രയാസമായിരിക്കും.