കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരക്ക് ഈ മാസം 18ാം തീയ്യതി തുടക്കമാവുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യ ബി ടീമുമായാണ് ഇറങ്ങുന്നത്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലാണുള്ളത്. ശ്രീലങ്കയില്‍ ഇന്ത്യയെ ശിഖര്‍ ധവാന്‍ നയിക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,മനീഷ് പാണ്ഡെ തുടങ്ങിയവരെല്ലാം സീനിയര്‍ താരങ്ങളായി ഒപ്പമുണ്ട്.
ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ പരമ്പരയിലെ ഭൂരിഭാഗം താരങ്ങളും യുവതാരങ്ങളാണ്. ടി20 ലോകകപ്പ് വരാനിരിക്കെ താരങ്ങള്‍ക്കെല്ലാം വളരെ നിര്‍ണ്ണായകമാണ് ശ്രീലങ്കന്‍ പരമ്പര. ഇത്തവണത്തെ ഏകദിന പരമ്പരയില്‍ ആരാവും ഇന്ത്യക്കായി കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുകയെന്ന് കാത്തിരുന്ന് കാണാം. ഇതുവരെ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ തവണ കളിയിലെ താരമായ ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഇതാ.

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് തലപ്പത്ത്. ഇരുവരും ആറ് തവണ വീതം ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ കളിയിലെ താരമായിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ ഏകദിനം കളിച്ച ഇന്ത്യന്‍ താരം സച്ചിനാണ്. 80 ഏകദിനത്തില്‍ നിന്ന് 3113 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. എട്ട് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
എംഎസ് ധോണി 53 ഏകദിനത്തില്‍ നിന്ന് 2384 റണ്‍സും നേടി. ഇതില്‍ രണ്ട് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. ഇരുവരും അഞ്ച് തവണ വീതം കളിയിലെ താരമായിട്ടുണ്ട്.
48 ഏകദിനത്തില്‍ നിന്ന് 1834 റണ്‍സാണ് അസ്ഹറുദ്ദീന്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയത്. മൂന്ന് സെഞ്ച്വറിയും ഇതിന്റെ ഭാഗമാണ്. കോലി 46 മത്സരത്തില്‍ നിന്ന് 2220 റണ്‍സും ലങ്കയ്‌ക്കെതിരേ നേടി. ശ്രീലങ്കയിലെ ഫ്‌ളാറ്റ് പിച്ചില്‍ മികച്ച റെക്കോഡാണ് കോലിക്കുള്ളത്. ഇത്തവണ ഇംഗ്ലണ്ട് പര്യടനത്തിന്റെ തിരക്കിലായതിനാല്‍ ശ്രീലങ്കയിലേക്ക് കോലിയില്ല.
മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. ശ്രീലങ്കയുടെ പേടി സ്വപ്‌നമാണ് രോഹിത്. നാല് തവണ അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ചായി. ഏകദിനത്തില്‍ രോഹിത് നേടിയ മൂന്ന് ഇരട്ട സെഞ്ച്വറിയില്‍ രണ്ടെണ്ണവും ശ്രീലങ്കയ്‌ക്കെതിരെയാണ്. 264 എന്ന ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് രോഹിത് നേടിയത്.