IND-SL: ജന്മദിനത്തില്‍ ഏകദിന അരങ്ങേറ്റം, ഇഷാന്‍ കിഷന് ഇരട്ടി മധുരം, സൂര്യയും പ്ലേയിങ് 11ല്‍
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് ഇടം പിടിച്ചത്. സഞ്ജു സാംസണെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇഷാന്‍ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിക്കുകയായിരുന്നു. ഇന്നത്തെ ഏകദിന അരങ്ങേറ്റം ഇഷാനെ സംബന്ധിച്ച് ഇരട്ടി മധുരമാണ്. തന്റെ 23ാം ജന്മദിനത്തിന്റെ അന്ന് തന്നെ ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
1998 ജൂലൈ 18നാണ് ഇഷാന്‍ കിഷന്റെ ജനനം. ജന്മദിനത്തിന്റെ അന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മാത്രം താരംകൂടിയാണ് ഇഷാന്‍. ഇന്ത്യക്കായി രണ്ട് ടി20യില്‍ നിന്ന് 60 റണ്‍സാണ് ഇഷാന്‍ നേടിയിട്ടുള്ളത്. 56 ഐപിഎല്ലില്‍ നിന്നായി 1284 റണ്‍സും ഇഷാന്റെ പേരിലുണ്ട്. ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങാനായാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇഷാന് ഇടം പിടിക്കാനായേക്കും.

ഇഷാന് മുമ്പ് ഗുരുശരണ്‍ സിങ്ങാണ് ഇന്ത്യക്കായി ജന്മദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 1990ലായിരുന്നു ഇത്. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയെങ്കിലും ഇന്ത്യക്കായി ഓരോ ടെസ്റ്റും ഏകദിനവും മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. ടെസ്റ്റില്‍ 18,ഏകദിനത്തില്‍ നാല് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോര്‍.
ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്കയെ നേരിടാനിറങ്ങിയ ഇന്ത്യന്‍ നിരയിലെ മറ്റൊരു സവിശേഷത സൂര്യകുമാര്‍ യാദവിനും അരങ്ങേറ്റത്തിന് അവസരം ലഭിച്ചുവെന്നതാണ്. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലാവും സൂര്യകുമാര്‍ കളിക്കുന്നത്. ഇഷാന്‍ കിഷനും സൂര്യകുമാറും ഇംഗ്ലണ്ട് പരമ്പരയില്‍ ഒരു മത്സരത്തിലൂടെയാണ് ടി20 യിലും അരങ്ങേറിയത്.
2019ലെ ഏകദിന ലോകകപ്പിന് ശേഷം കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും ഒന്നിച്ച് കളിക്കുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. കുല്‍ദീപിന്റെയും ചഹാലിന്റെയും സമീപകാല പ്രകടനങ്ങള്‍ മോശമായിരുന്നു. ഇരുവര്‍ക്കും ശക്തമായി തിരിച്ചുവരാന്‍ ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. സ്പിന്‍ ഓള്‍റൗണ്ടറായി ക്രുണാല്‍ പാണ്ഡ്യയേയും ഇന്ത്യ പരിഗണിച്ചിട്ടുണ്ട്.
ശിഖര്‍ ധവാന്‍ നായകനായി അരങ്ങേറിയതും ചരിത്രമായി. ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തുന്ന പ്രായംകൂടിയ നായകനെന്ന നേട്ടമാണ് ധവാന്‍ സ്വന്തമാക്കിയത്. 35 വയസും 225 റണ്‍സുമാണ് ധവാന്റെ പ്രായം. കൂടാതെ ശ്രീലങ്കയ്‌ക്കെതിരേ ക്യാപ്റ്റനായി അരങ്ങേറ്റം നടത്തുന്ന അഞ്ചാമത്തെ താരമാണ് ധവാന്‍.കോലി,രോഹിത്,സച്ചിന്‍,കപില്‍ ദേവ് എന്നിവരുടെയെല്ലാം ക്യാപ്റ്റനായുള്ള അരങ്ങേറ്റം ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications