IND-SL: ബാറ്റിങ്ങിനിറങ്ങും മുമ്പ് ദ്രാവിഡ് എന്താണ് പറഞ്ഞത്?തുറന്ന് പറഞ്ഞ് ദീപക് ചഹാര്‍
കൊളംബോ: തോല്‍വി മുഖത്ത് നിന്ന് വാലില്‍ കുത്തി ഉയര്‍ന്ന ഇന്ത്യയുടെ പോരാട്ട വീര്യത്തെ പിടിച്ചുകെട്ടാന്‍ ശ്രീലങ്കയ്ക്കായില്ല. രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്.
എട്ടാമന്‍ ദീപക് ചഹാറിന്റെ (69*) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. വിജയം ഉറപ്പിച്ച ശ്രീലങ്കക്ക് മേല്‍ അപ്രതീക്ഷിത പ്രകടനത്തോടെയാണ് ചഹാര്‍ വിജയം പിടിച്ചെടുത്തത്. ഇന്ത്യയുടെ ഹീറോയായി കളിയിലെ താരമായ ചഹാര്‍ ബാറ്റിങ്ങിനിറങ്ങും മുമ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപക് ചഹാര്‍.

എല്ലാ ബോളും കളിക്കാന്‍ പറഞ്ഞു
എല്ലാ പന്തുകളും കളിക്കാനാണ് രാഹുല്‍ സാര്‍ പറഞ്ഞത്. ഇന്ത്യ എ ടീമിനൊപ്പം കുറച്ച് ഇന്നിങ്‌സുകള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ദ്രാവിഡ് സാറിന് എന്നെ വിശ്വാസമുണ്ടെന്നാണ് കരുതുന്നത്. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് മികവുണ്ടെന്നാണ് കരുതുന്നതെന്നാണ് ദ്രാവിഡ് സാര്‍ പറഞ്ഞത്. വരുന്ന മത്സരത്തില്‍ എനിക്ക് ബാറ്റ് ചെയ്യേണ്ടി വരില്ലെന്നാണ് കരുതുന്നത്-മത്സരശേഷം ദീപക് ചഹാര്‍ പ്രതികരിച്ചു.

ഇത്തരത്തിലൊരു പ്രകടനം സ്വപ്‌നം
രാജ്യത്തിനായി ഇത്തരമൊരു പ്രകടനം സ്വപ്‌നമായിരുന്നു. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ അത് മാത്രമാണ് മനസിലുണ്ടായിരുന്നത്. 50 റണ്‍സില്‍ താഴേക്ക് വിജയലക്ഷ്യം എത്തിയപ്പോള്‍ ജയിക്കാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. അതിന് ശേഷമാണ് അല്‍പ്പം സാഹസികമായ ഷോട്ടുകള്‍ കളിച്ചു-ദീപക് പറഞ്ഞു. 82 പന്തുകള്‍ നേരിട്ട് 7 ഫോറും ഒരു സിക്‌സുമാണ് ദീപക് നേടിയത്.

റെക്കോഡ് സൃഷ്ടിച്ച പ്രകടനം
ഇന്ത്യന്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മത്സരങ്ങളിലെ എട്ടാം നമ്പറുകാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ദീപക് സ്വന്തം പേരിലാക്കി. കൂടാതെ എട്ടാം നമ്പറിലെ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2019ലെ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരേ രവീന്ദ്ര ജഡേജ നേടിയ 77 റണ്‍സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ട് വിക്കറ്റുകളും മത്സരത്തില്‍ ദീപക് ചഹാര്‍ നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications