
ടി20 ലോകകപ്പ് വരാനിരിക്കെ ശിഖര്‍ ധവാനുള്‍പ്പെടെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ ഗംഭീര പ്രകടനം നടത്തേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് ധവാന്‍ സ്ഥിര സാന്നിധ്യം. അതിനാല്‍ത്തന്നെ ലോകകപ്പ് ടീമിലേക്കെത്താന്‍ ധവാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. തന്റെ നായക മികവ് തെളിയിക്കാന്‍ ധവാന് മുന്നില്‍ ലഭിച്ച സുവര്‍ണ്ണാവസരം കൂടിയാണിത്. ശ്രീലങ്കന്‍ പരമ്പരയില്‍ ശിഖര്‍ ധവാനെ കാത്ത് ചില നാഴികക്കല്ലുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ക്യാപ്റ്റനായി അരങ്ങേറുന്ന പ്രായം കൂടിയ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ശിഖര്‍ ധവാനെ കാത്തിരിക്കുന്നു. നിലവില്‍ 35 വയസാണ് ധവാനുള്ളത്. ആദ്യ ഏകദിനത്തോടെ ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ ധവാന് സാധിക്കും. നിലവില്‍ 34ാം വയസില്‍ ക്യാപ്റ്റനായ മൊഹീന്ദര്‍ അമര്‍നാഥിന്റെ പേരിലാണ് ഈ റെക്കോഡ്. 1984ല്‍ പാകിസ്താനെതിരെയായിരുന്നു അദ്ദേഹം ക്യാപ്റ്റനായി അരങ്ങേറിയത്.

ശ്രീലങ്കയ്‌ക്കെതിരേ 1000 ഏകദിന റണ്‍സ്
ശ്രീലങ്കയ്‌ക്കെതിരേ 1000 ഏകദിന റണ്‍സെന്ന നേട്ടത്തിലെത്താന്‍ ശിഖര്‍ ധവാന് വേണ്ടത് 17 റണ്‍സ്. നിലവില്‍ 983 റണ്‍സ് ധവാന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയക്കെതിരേ 1265 റണ്‍സും വെസ്റ്റ് ഇന്‍ഡീസിനെതിരേ 834 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 798 റണ്‍സും ധവാന്റെ പേരിലുണ്ട്. ഐപിഎല്‍ 2021 ന്റെ ആദ്യ പാദത്തില്‍ ഗംഭീര പ്രകടനമാണ് ധവാന്‍ നടത്തിയത്. ഇതേ ഫോം ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹത്തിന് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം. ശ്രീലങ്കയില്‍ പരിചയസമ്പത്തുള്ള താരമാണ് ധവാന്‍.

6000 ഏകദിന റണ്‍സിനരികെ
ഏകദിനത്തില്‍ 6000 ഏകദിന റണ്‍സെന്ന നേട്ടത്തിനരികെയാണ് ധവാനുള്ളത്. നിലവില്‍ 142 മത്സരത്തില്‍ നിന്ന് 5977 റണ്‍സ് ധവാന്റെ പേരിലുണ്ട്. 23 റണ്‍സ് കൂടി നേടിയാല്‍ 6000 ഏകദിന റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ ധവാന് സാധിക്കും. നിലവിലെ ഫോമില്‍ അനായാസമായിത്തന്നെ ധവാന്‍ ഈ നാഴികക്കല്ല് പിന്നിട്ടേക്കും. രണ്ട് വര്‍ഷം കൂടിയെങ്കിലും ഏകദിനം കളിക്കാനായാല്‍ യുവരാജിനെയും വീരേന്ദര്‍ സെവാഗിനെയും മറികടക്കാനുള്ള അവസരം ധവാന് മുന്നിലുണ്ട്.


Click it and Unblock the Notifications