IND-AUS T20: വിവാദങ്ങള്‍ പ്രശ്‌നമല്ല, മിന്നും പ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തി ചഹാല്‍
കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 11 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ഇന്ത്യയുടെ ജയത്തേക്കാളേറെ ചര്‍ച്ചാവിഷയമായത് യുസ്‌വേന്ദ്ര ചഹാലിന്റെ കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടാണ്. ബാറ്റിങ്ങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ബൗളിങ്ങില്‍ ചഹാലിനെ ഇറക്കിയതാണ് വിവാദമായത്. മത്സരത്തില്‍ ബാറ്റുകൊണ്ട് ജഡേജയും പന്തുകൊണ്ട് ചഹാലും തിളങ്ങിയതോടെ ഇന്ത്യ മനപ്പൂര്‍വം ഇത്തരമൊരു നീക്കം നടത്തിയതാണെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമാണ്. പ്രമുഖരെല്ലാം ഇതിനോട് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ചഹാലിന് ബാധിക്കുന്ന പ്രശ്‌നമല്ല. ഏകദിനത്തിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് ചഹാല്‍ നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ മികച്ച പ്രകടനത്തിന് സഹായിച്ചതെന്താണെന്ന് ചഹാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
'ഇന്ത്യയുടെ ബാറ്റിങ് സമയത്ത് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഞാന്‍ ഇരിക്കുകയായിരുന്നു. 15 മിനുട്ട് മുമ്പാണ് എന്നോട് കളിക്കണമെന്ന് പറയുന്നത്. സമ്മര്‍ദ്ദമൊന്നും തോന്നിയില്ല. ഏകദിനത്തിലെ പ്രകടനത്തില്‍ നിന്ന് ഞാന്‍ പാഠം ഉള്‍ക്കൊണ്ടു. ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ അവരുടെ സ്പിന്നര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടിയിരുന്നു. എന്റെ പദ്ധതി പ്രകാരമാണ് ഞാന്‍ പന്തെറിഞ്ഞത്'-മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വാങ്ങിയ ശേഷം ചഹാല്‍ പറഞ്ഞു.

ആദ്യ രണ്ട് ഏകദിനത്തിലും നന്നായി തല്ല് വാങ്ങിയ ചഹാല്‍ ടി20യിലെ തന്റെ മികവ് കാട്ടിക്കൊടുത്തു. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ചഹാലിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ഒരു ഫോര്‍ മാത്രമാണ് ചഹാല്‍ വിട്ടുകൊടുത്തത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,മോയിസസ് ഹെന്റിക്‌സ് എന്നിവരാണ് ചഹാലിന്റെ ഇരകള്‍. ഓസീസ് ടീമിലെ മൂന്ന് വമ്പന്‍മാരെ മടക്കിയതാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. അരങ്ങേറ്റ താരം ടി നടരാജന്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചഹാര്‍ 4 ഓവറില്‍ 29 റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറിന് വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറില്‍ വെറും 16 റണ്‍സാണ് വഴങ്ങിയത്. മുഹമ്മദ് ഷമി നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി.
ജയത്തോടെ മൂന്ന് മത്സര ടി20 പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി. ഏകദിന പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ടി20 പരമ്പര പിടിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. ഇതിന് ശേഷം നാല് മത്സര ടെസ്റ്റും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications