IND-AUS T20 Series: ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത മൂന്ന് ആവേശ ജയങ്ങള്‍
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇരു കൂട്ടരും പ്രതീക്ഷയോടെയാണ് കാണുന്നത്. ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഓസ്‌ട്രേലിയ ഇറങ്ങുമ്പോള്‍ മൂന്നാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ കരുത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിനത്തിനെക്കാളും മികച്ച പ്രകടനം ടി20യില്‍ നടത്തുന്ന നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ജസ്പ്രീത് ബൂംറയടക്കം ഫോമിലേക്കുയര്‍ന്നത് ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂടുതല്‍ ഉയര്‍ത്തുന്നു. ഇന്ത്യയും-ഓസ്‌ട്രേലിയയും തമ്മില്‍ ഇതിന് മുമ്പ് നടന്ന ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത മൂന്ന് ടി20 മത്സരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

2016ല്‍ സിഡ്‌നിയില്‍ നടന്ന മത്സരം
2016ല്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ ഭാഗമായിരുന്നു മൂന്ന് ടി20 മത്സര പരമ്പര. ആദ്യ രണ്ട് ടി20യും ജയിച്ച് പരമ്പര നേരത്തെ തന്നെ ഇന്ത്യ ഉറപ്പാക്കിയിരുന്നു. മൂന്നാം മത്സരം ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. 71 പന്തില്‍ 124* റണ്‍സ് നേടിയ ഷെയ്ന്‍ വാട്‌സനാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി രോഹിത് ശര്‍മയും (52) വിരാട് കോലിയും (50) അര്‍ധ സെഞ്ച്വറി നേടി. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ്. ക്രീസില്‍ സുരേഷ് റെയ്‌നയും യുവരാജ് സിങ്ങും. ആന്‍ഡ്രൂ ടൈയുടെ ആദ്യ പന്ത് ബൗണ്ടറിയും രണ്ടാം പന്ത് സിക്‌സും പറത്തി യുവരാജ് കരുത്ത് കാട്ടി. മൂന്നാം പന്ത് യുവരാജ് സിംഗിള്‍ ഇട്ടപ്പോള്‍ നാലും അഞ്ചും പന്തില്‍ രണ്ട് റണ്‍സ് വീതം റെയ്‌ന നേടി. അവസാന പന്തില്‍ ബൗണ്ടറി നേടി റെയ്‌ന ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. റെയ്‌ന 25 പന്തില്‍ 49 റണ്‍സും യുവരാജ് 12 പന്തില്‍ 15 റണ്‍സും നേടി പുറത്താവാതെ നിന്നു.

രാജ്‌കോട്ടില്‍ 202 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് ഇന്ത്യ
2013ല്‍ നടന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. പരമ്പരയില്‍ 1 ടി20 മത്സരം മാത്രം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. ആരോണ്‍ ഫിഞ്ച് (52 പന്തില്‍ 89), മാഡിന്‍സന്‍ (16 പന്തില്‍ 34) എന്നിവര്‍ ഓസീസ് നിരയില്‍ തിളങ്ങിയപ്പോള്‍ യുവരാജ് സിങ്ങിന്റെ (35 പന്തില്‍ 77*) ബാറ്റിങ് വെടിക്കെട്ട് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. 8 ഫോറും 5 സിക്‌സുമാണ് യുവി പറത്തിയത്. ശിഖര്‍ ധവാന്‍ (32), വിരാട് കോലി (29), എംഎസ് ധോണി (24*) എന്നിവരും തിളങ്ങി.

2016 ടി20 ലോകകപ്പ് , മൊഹാലി
2016ല്‍ ഇന്ത്യ വേദിയായ ടി20 ലോകകപ്പിലെ 31ാം മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കുവേണ്ടി ആരോണ്‍ ഫിഞ്ച് (43) തിളങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും വിരാട് കോലിയുടെ (51 പന്തില്‍ 82*) ബാറ്റിങ് വെടിക്കെട്ട് ഇന്ത്യയെ വിജയത്തിലേത്തിച്ചു. 9 ഫോറും 2 സിക്‌സുമാണ് കോലി പറത്തിയത്. ധോണി (18*) പുറത്താവാതെ നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications