മുംബൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരം ഹര്‍ദിക് പാണ്ഡ്യയാണ്. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ തോറ്റെങ്കിലും രണ്ട് അര്‍ധ സെഞ്ച്വറിയുമായി ഹര്‍ദിക് തിളങ്ങി. ടി20 പരമ്പര ഇന്ത്യ വിജയിച്ചപ്പോഴും തിളങ്ങിയത് ഹര്‍ദിക്കായിരുന്നു. രണ്ടാം ടി20യില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത് ഹര്‍ദിക്കിന്റെ ബാറ്റിങ്ങായിരുന്നു. നിരവധി പ്രമുഖര്‍ ഹര്‍ദിക്കിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഹര്‍ദിക്കിനെ ധോണിയോടും യുവരാജിനോടും ഉപമിച്ചിരിക്കുകയാണ്.
'ഹര്‍ദിക് ഇത്തരത്തിലുള്ള ഇന്നിങ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലായിരുന്നു. ഇപ്പോള്‍ ഐപിഎല്ലിലൂടെ ലഭിച്ച ആത്മവിശ്വാസം അന്താരാഷ്ട്ര ക്രിക്കറ്റിലും തിളങ്ങാന്‍ അവനെ സഹായിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഇന്നിങ്‌സുകള്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി അവന്‍ കളിച്ചിട്ടുള്ളതാണ്. അതിനാല്‍ രണ്ടാം ടി20യിലെ അവന്റെ പ്രകടനത്തിന് പ്രത്യേക പുതുമയൊന്നുമില്ല'-ഗംഭീര്‍ പറഞ്ഞു.
ഹര്‍ദിക് പാണ്ഡ്യയെപ്പോലെ ചുരുക്കം താരങ്ങള്‍ മാത്രമെ ഉള്ളൂ. നേരത്തെ യുവരാജ് സിങ്ങും എംഎസ് ധോണിയും ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണുള്ളത്. ഏത് ലക്ഷ്യവും ഏത് ടോട്ടലും ഭേദിക്കാന്‍ കെല്‍പ്പുള്ളവാണ് ഇത്തരക്കാര്‍. അവസാന ഓവറില്‍ 20-25 റണ്‍സ് വേണമെങ്കിലും ഇവര്‍ക്ക് അത് അടിച്ചെടുക്കാന്‍ സാധിക്കും'-ഗംഭീര്‍ പറഞ്ഞു.

എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഒഴിവിലേക്കാണ് ഹര്‍ദിക് തന്റെ പ്രകടനംകൊണ്ട് സ്ഥാനം നേടുന്നത്. ഇന്ത്യയുടെ ഫിനിഷറായി ഇതിനോടകം ഹര്‍ദിക് മാറിക്കഴിഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന താരമാണ് അദ്ദേഹം. ഇത്തവണ മുംബൈ ചാമ്പ്യന്മാരായപ്പോഴും ഹര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. അനായാസമായി സിക്‌സര്‍ നേടാനുള്ള മികവാണ് ഹര്‍ദിക്കിനെ വ്യത്യസ്തനാക്കുന്നത്.
പരിക്കിന് ശേഷം പന്തെറിയാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല. അതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് ഹര്‍ദിക് മാറിക്കഴിഞ്ഞു. മധ്യനിരയില്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള മികവ് ഹര്‍ദിക്കിനുണ്ട്. അടുത്ത വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഹര്‍ദിക്കില്‍ പ്രതീക്ഷകളേറെയാണ്. 2020ല്‍ ഒരു ടി20 മത്സരം പോലും ഇന്ത്യ തോറ്റിട്ടില്ല.
പന്തെറിയാന്‍ സാധിക്കാത്തതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഹര്‍ദിക് കളിച്ചേക്കില്ലെന്നാണ് വിവരം. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം ഡേ-നൈറ്റ് ടെസ്റ്റാണ്. അതിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നതിനാല്‍ ഇത്തവണത്തെ ടെസ്റ്റ് പരമ്പരയ്ക്ക് ആവേശം ഇരട്ടിയാണ്.