Ind vs Aus: കോലിക്ക് വീക്ക് പോയിന്റുകള്‍ കുറവ്, തുറന്ന് സമ്മതിച്ച് ഓസീസ് നായകന്‍ ഫിഞ്ച്
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കാവുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിന് സിഡ്‌നിയാണ് വേദിയാകുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും വിരാട് കോലി എന്ന നായകനിലാണ്. ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ റെക്കോഡുള്ള കോലിക്ക് ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ മികവ് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയണം. ഇപ്പോഴിതാ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോലിയുടെ ബാറ്റിങ്ങ് മികവിനെ പ്രശംസിച്ചിരിക്കുകയാണ് ഓസീസ് നായകനായ ആരോണ്‍ ഫിഞ്ച്.
വീക്ക് പോയിന്റുകള്‍ കുറവുള്ള താരമാണ് കോലിയെന്നാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്. ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറായി കോലിയുടെ നായകത്വത്തിന് കീഴിലാണ് ഫിഞ്ച് കളിച്ചത്. 'ഇന്ത്യന്‍ നായകന് അധികം ദൗര്‍ഭല്യങ്ങളുണ്ടെന്ന് കരുതുന്നില്ല. ഏകദിനത്തില്‍ കോലി വളരെ പ്രതിഭാശാലിയാണ്. കോലിയെ പുറത്താക്കാനുള്ള ഓസീസിന്റെ പദ്ധതികളില്‍ പ്രതീക്ഷയോടെ മുന്നോട്ട് പോകുന്നു. അവന്റെ റെക്കോഡുകള്‍ വളരെ മികച്ചതാണ്.

കോലിയെ പുറത്താക്കുന്നതിനെക്കുറിച്ച് എപ്പോഴും ഞങ്ങളുടെ മനസിലുണ്ടാവും. അത് സാധിച്ചില്ലെങ്കില്‍ ഈ പരമ്പര ഞങ്ങള്‍ക്ക് കടുപ്പമാവും. വലിയ പിഴവുകള്‍ കോലിക്കില്ല. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണവന്‍. ഞങ്ങളുടെ പദ്ധതികളില്‍ ഉറച്ചുനില്‍ക്കും'-ആരോണ്‍ ഫിഞ്ച് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സുള്ള നിലവിലെ രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോലി.
40 ഏകദിനത്തില്‍ നിന്ന് 54.57 ശരാശരിയില്‍ 1910 റണ്‍സാണ് കോലി അടിച്ചെടുത്തിട്ടുള്ളത്. എട്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. 96.65 ആണ് സ്‌ട്രൈക്കറേറ്റ്. വിശാഖപട്ടണത്ത് 121 റണ്‍സ് നേടിയും 2013ല്‍ 52 പന്തില്‍ 100 റണ്‍സ് നേടിയതും നാഗ്പൂരില്‍ 66 പന്തില്‍ 115 റണ്‍സ് നേടിയതുമെല്ലാം ഓസ്‌ട്രേലിയക്കെതിരായ വിരാട് കോലിയുടെ മികച്ച പ്രകടനങ്ങളാണ്.
മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. ഓസീസ് താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവും. 'ഏത് ഫോര്‍മാറ്റിലും റണ്‍സ് നേടുകയെന്നത് താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. റണ്‍സ് നേടിയാല്‍ മികച്ച അനുഭവമായി നമുക്ക് തോന്നും. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പറയുന്നത് പോലെ റണ്‍സ് നേടുന്നത് എളുപ്പമല്ല'-ആരോണ്‍ ഫിഞ്ച് പറഞ്ഞു. സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മടങ്ങിയെത്തിയതോടെ ഓസീസ് നിര കൂടുതല്‍ ശക്തമായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications