മൈസൂരു: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച വീരേന്ദര്‍ സേവാഗിന് സെഞ്ചുറി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടിയാണ് സേവാഗ് തകര്‍പ്പന്‍ സെഞ്ചുറി നേടിയിരിക്കുന്നത്. വിരമിച്ചതിന് ശേഷം ആദ്യമായിട്ടാണ് സേവാഗ് ക്രീസിലിറങ്ങുന്നത്. ഹരിനായയ്ക്ക് വേണ്ടി ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് സേവാഗ് 50 കടക്കുന്നത്.
മൈസൂരില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ദിവസമാണ് സേവാഗ് 100 തികച്ചത്. 119 പന്തില്‍ 11 ഫോറും 3 സിക്‌സും. 95 ല്‍ എത്തിയശേഷം അഞ്ച് സിംഗിളുകളോടെയാണ് നജഫ്ഗഡിന്റെ നവാബ് ഹരിയാനയ്ക്ക് വേണ്ടി ആദ്യത്തെ സെഞ്ചുറി നേടിയത്. ഈ വര്‍ഷമാണ് സേവാഗ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ദില്ലി വിട്ട് ഹരിനായിലെത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി വീരേന്ദര്‍ സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ട്. ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ ഫോമൗട്ടായി തപ്പിത്തടയുമ്പോഴാണ് ഇതെന്നോര്‍ക്കണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അവസരം കിട്ടാതെ വിരമിക്കേണ്ടി വന്ന സേവാഗ് തന്നില്‍ ഇനിയും ഒരുപാട് അങ്കങ്ങള്‍ക്കുള്ള ബാല്യം ബാക്കിയുണ്ട് എന്ന് തെളിയിക്കുന്ന ഇന്നിംഗ്‌സുകള്‍ കളിക്കുന്നത്.
തന്റെ മുപ്പത്തേഴാം ജന്മദിനത്തിലാണ് സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഐ പി എല്‍ ക്രിക്കറ്റും വീരു നിര്‍ത്തി. രഞ്ജി ട്രോഫി ക്രിക്കറ്റിവും ദുബായില്‍ നടക്കാനിരിക്കുന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗിലും സേവാഗിന്റെ കളി ഇനിയും കാണാം.