അഫ്രീദി ഒട്ടേറെ കളിക്കാരുടെ ഭാവി നശിപ്പിച്ചു; ഞെട്ടിക്കുന്ന ആരോപണവുമായി മുന്‍ പാക് താരം
ദുബായ്: ആത്മകഥയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ സജീവമായ മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ കളിക്കാരന്‍ ഇമ്രാന്‍ ഫര്‍ഹത്. അഫ്രീദ് സ്വാര്‍ഥനായിരുന്നു എന്നും തന്റെ നിലനില്‍പിനുവേണ്ടി ഒട്ടേറെ കളിക്കാരുടെ ഭാവി അവതാളത്തിലാക്കിയെന്നും താരം ആരോപിച്ചു. 20 വര്‍ഷത്തോളം തന്റെ പ്രായം സംബന്ധിച്ച് കള്ളം പറഞ്ഞ അഫ്രീദിയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നതായി ഫര്‍ഹത് പറയുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ അഫ്രീദിയുടെ പുസ്തകത്തില്‍ പ്രായം സംബന്ധിച്ച് കള്ളം പറഞ്ഞിരുന്നതായി കാണുന്നു. ഇത് നാണക്കേടുണ്ടാക്കുന്നതാണ്. കഴിഞ്ഞ 20 വര്‍ഷത്തോളമായി കള്ളം പറയുന്നയാളാണ് പാക് ഇതിഹാസ താരങ്ങളെക്കുറിച്ച് ഇപ്പോള്‍ മോശമായി സംസാരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഫര്‍ഹത് ചൂണ്ടിക്കാട്ടി.

അഫ്രീദി കള്ളം പറഞ്ഞു
അതിവേഗ സെഞ്ച്വറി നേടുമ്പോള്‍ തനിക്ക് 16 വയസായിരുന്നില്ലെന്നും 19 വയസായിരുന്നു പ്രായമെന്നും അഫ്രീദിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. കൂടാതെ, ജാവേദ് മിയാന്‍ദാദ്, വഖാര്‍ യൂനില്‍, ഗൗതം ഗംഭീര്‍ തുടങ്ങിയ കളിക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും അഫ്രീദിയുടെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറില്‍ ഉള്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകന്‍ വജാഹത് എസ് ഖാനുമായി ചേര്‍ന്നാണ് അഫ്രീദി ആത്മകഥ എഴുതിയത്.

കളിക്കാരുടെ ഭാവി നശിപ്പിച്ചു
അഫ്രീദിയെക്കുറിച്ച് ഒട്ടേറെ കഥകള്‍ തനിക്ക് പറയാനുണ്ടെന്ന് ഫര്‍ഹത് പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനാകേണ്ട എല്ലാ കഴിവും അഫ്രീദിക്കുണ്ട്. ഒട്ടേറെ കളിക്കാരുടെ ഭാവി തകര്‍ത്ത സ്വാര്‍ഥനായ അഫ്രീദിയുടെ ആരോപണങ്ങള്‍ക്കെതിരെ സത്യം വിളിച്ചുപറയാന്‍ മുന്‍ താരങ്ങള്‍ മുന്നോട്ടുവരണമെന്നും ഫര്‍ഹത് നിര്‍ദ്ദേശിച്ചു. പാക്കിസ്ഥാനുവേണ്ടി 40 ടെസ്റ്റുകളും 58 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഫര്‍ഹത്. അതിനിടെ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടതോടെ അഫ്രീദിയുടെ പുസ്തകത്തിന്റെ വില്‍പന നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ കോടതിയില്‍ ഹര്‍ജിയുമെത്തിയിട്ടുണ്ട്.

ഗംഭീറിനെതിരെയും ആരോപണം
മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീറിനെതിരെയും അഫ്രീദി ആരോപണം ഉയര്‍ത്തിയിരുന്നു. കാണ്‍പൂര്‍ ഏകദിന മത്സരത്തിനിടെ ഗംഭീര്‍ അനാവശ്യമായി ശരീരത്തില്‍ ഇടിച്ചെന്നാണ് അഫ്രീദിയുടെ ആരോപണം. ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുട്ടിയാണ് താനെന്നാണ് ഗംഭീറിന്റെ വിചാരം. സന്തോഷമുള്ള പോസീറ്റീവായ ആളുകളെയാണ് തനിക്കിഷ്ടമെന്നും അഫ്രീദിയുടെ പുസ്തകത്തിലുണ്ട്. എന്നാല്‍, അഫ്രീദിക്ക് മാനസിക വളര്‍ച്ചയില്ലെന്നാണ് ഗംഭീര്‍ നല്‍കിയ മറുപടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications