ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയില്‍ വെച്ച് പരമ്പര ജയിക്കാന്‍ ന്യൂസിലന്‍ഡിന് കഴിയില്ലെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. കൊല്‍ക്കത്തയില്‍ വിഷന്‍ 2020 ബൗളിംഗ് കോച്ചിങിന് വേണ്ടി എത്തിയപ്പോഴാണ് സൂപ്പര്‍ സ്പിന്നറായ മുരളി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ഇന്ത്യയ്‌ക്കെതിരെ ജയിക്കുക എന്നത് ന്യൂസിലന്‍ഡിന് മിക്കവാറും അസാധ്യമായ കാര്യമാണ്.
അവര്‍ നന്നായി പൊരുതും എന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ പറ്റൂ. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ന്യൂസിലന്‍ഡ് എത്തുന്നത്. ശരിയാണ്, അവരുടെ ബാറ്റിംഗ് ലൈനപ്പും മികച്ചതാണ്. ടിം സൗത്തിയ നഷ്ടപ്പെട്ടത് മാത്രമാണ് ഒരു പോരായ്മ. ഇതൊക്കെയാണെങ്കിലും കളി ജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ദക്ഷിണാഫ്രിക്കയ്ക്ക് സംഭവിച്ച അതേ വിധി തന്നെയാണ് ന്യൂസിലന്‍ഡിനെയും കാത്തിരിക്കുന്നത് എന്നാണ് മുരളി പറയുന്നത്.

ന്യൂസിലന്‍ഡിന് മൂന്ന് സ്പിന്നര്‍മാരുണ്ട് എന്നത് ഇന്ത്യയെ ബാധിക്കില്ല. നന്നായി സ്പിന്‍ കളിക്കുന്നവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. വിരാട് കോലി ക്യാപ്റ്റനും അനില്‍ കുംബ്ലെ കോച്ചും - ഇന്ത്യയുടെ ഭാഗ്യമാണ് ഈ കൂട്ടുകെട്ട്. പരിചയസമ്പത്തും ബുദ്ധിയും മാത്രമല്ല, കളിക്കുന്ന കാലത്ത് നല്ലൊരു ടീം പ്ലെയര്‍ കൂടിയായിരുന്നു കുംബ്ലെ. രസകരമെന്ന് പറയട്ടെ കോലിയും നല്ലൊരു ടീം പ്ലെയറാണ് - മുരളി പറഞ്ഞു. സെപ്തംബര്‍ 22 നാണ് ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.