കാന്‍ബറ: മൂന്ന് കളികള്‍. മൂന്ന് തോല്‍വികള്‍. പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ പ്രകടനം ഇതാണ്. വിജയശതമാനം 0. മൂന്ന് കളിയിലും തോറ്റത് ഒരേപോലെ. ആദ്യം ബാറ്റ് ചെയ്യുന്നു. മാന്യമായ സ്‌കോര്‍ നേടുന്നു. ബൗളര്‍മാര്‍ പരാജയപ്പെടുന്നു, ഒപ്പം ഇന്ത്യയും. ഇത് മനസിലാക്കാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ചിന്റെ ബുദ്ധിയൊന്നും വേണ്ട, ക്രിക്കറ്റ് കാണുന്ന ഏത് സാധാരണക്കാരനും പറയും ഇന്ത്യന്‍ ടീമിന് സംഭവിച്ചത് ഇതാണ് എന്ന്.
ഡങ്കന്‍ ഫ്‌ലച്ചറുടെ കാലാവധി കഴിഞ്ഞതിന് ശേഷം മുഴുവന്‍ സമയ കോച്ചില്ലാതെയാണ് ഇന്ത്യയുടെ കളി. ടീമിന്റെ ഡയറക്ടറും ഇടക്കാല കോച്ചുമെല്ലാം മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയാണ്. ബൗളര്‍മാര്‍ തെറ്റ് തിരുത്തിയാല്‍ അടുത്ത കളിയെങ്കിലും ജയിക്കാമെന്നാണ് ടീം ഡയറക്ടര്‍ രവി ശാസ്ത്രി പറയുന്നത്. ശാസ്ത്രിയുടെ സേവനം മാത്രം പോര ഇന്ത്യന്‍ ടീമിന്റെ കോച്ചിന്റെ സ്ഥാനത്ത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍.

മുഴുവന്‍ സമയ കോച്ച് ഇല്ലാത്തതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് ആരാധകര്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഗാരി കിര്‍സ്റ്റണ്‍ പോയി 5 വര്‍ഷമാകുമ്പോഴും അതുപോലെ ഒരു കോച്ചിനെ ഇന്ത്യയ്ക്ക് പിന്നീട് കണ്ടെത്താന്‍ പറ്റിയിട്ടില്ല. ആന്‍ഡി ഫ്‌ലവര്‍, ടോം മൂഡി തുടങ്ങിയവര്‍ ഈ സ്ഥാനത്തേക്ക് വരുമെന്ന് കേട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. സിംബാബ്‌വെക്കാരന്‍ ഡങ്കന്‍ ഫഌച്ചറിന് കീഴില്‍ ഇന്ത്യയ്ക്ക് പ്രത്യേക മെച്ചമൊന്നും ഉണ്ടായതുമില്ല.
സ്വന്തം തെറ്റുകളില്‍ നിന്നും ബൗളര്‍മാര്‍ പാഠം പഠിച്ചാല്‍ ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരുന്നത് തടയാമെന്നാണ് ശാസ്ത്രി ഇപ്പോള്‍ പറയുന്നത്. ടീമിലെ ബൗളര്‍മാരുടെ പഠനഘട്ടമാണ് ഇപ്പോഴത്തേതെന്നും ശാസ്ത്രിക്ക് അഭിപ്രായമുണ്ട്. മെല്‍ബണ്‍ ജയിക്കാവുന്നതായിരുന്നു. എന്നാല്‍ അതും തോറ്റു. അതില്‍ നിരാശയുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 0 -3 ന് ഇന്ത്യ പിന്നിലാണ് ഇപ്പോള്‍.