ട്വന്റി 20 ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ക്യാപ്റ്റന്‍സി മാറ്റം നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയുടെ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായ ലസിത് മലിംഗ ലോകകപ്പിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. പരിക്ക് മൂലം വലയുന്ന മലിംഗയോട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്.
ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താന്‍ മാനസികമായി തയ്യാറെടുത്തിരുന്നില്ല എന്ന് പുതിയ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് കൂടി പറഞ്ഞതോടെ കാര്യങ്ങള്‍ പിന്നെയും വഷളായി. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചെങ്കിലും മലിംഗ കളിക്കാരനായി ടീമിലുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയെ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് ലസിത് മലിംഗ. ആഞ്ചലോ മാത്യൂസും ക്യാപ്റ്റന്‍സിയില്‍ മോശമൊന്നും അല്ല. ലങ്കയുടെ സീനിയര്‍ താരവും പ്രധാന ഓള്‍റൗണ്ടറുമാണ് മാത്യൂസ്.

ക്യാപ്റ്റന്‍സി മാത്രമല്ല, ടീമിന്റെ ഫോമും ശ്രീലങ്കയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. അടുത്തിടെ സമാപിച്ച ഏഷ്യാകപ്പില്‍ നാലില്‍ മൂന്ന് കളിയിലും ശ്രീലങ്ക തോറ്റു. ദുര്‍ബലരില്‍ ദുര്‍ബലരായ യു എ ഇയോട് വളരെ കഷ്ടപ്പെട്ടാണ് ജയിച്ചത്. ബംഗ്ലാദേശിനോടും ഇന്ത്യയോടും പാകിസ്താനോടും തോറ്റു. ഏഷ്യാകപ്പിന് മുന്നോടിയായി നടന്ന ഇന്ത്യന്‍ പര്യടനവും 1 - 2ന് നഷ്ടമായി.
കുമാര്‍ സങ്കക്കാര, മഹേള ജയവര്‍ധനെ എന്നിവര്‍ വിരമിച്ചതാണ് ലങ്കയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ബാറ്റിംഗില്‍ ദിനേശ് ചാന്ദിമല്‍ ഒഴികെ വിശ്വസിക്കാന്‍ ആരുമില്ല എന്നതാണ് സ്ഥിതി. കപുഗദേര, മാത്യൂസ്, പെരേര എന്നിവര്‍ മധ്യനിര മാനേജ് ചെയ്യുമെങ്കിലും ടോപ് ഓര്‍ഡര്‍ വളരെ മോശം. മലിംഗ കളിച്ചില്ലെങ്കില്‍ ബൗളിംഗിലും ഇത് തന്നെ സ്ഥിതി. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് 1 ലാണ് ശ്രീലങ്ക.