ലോകത്തെ ഏറ്റവും ശക്തമായ ടീമുകളിലൊന്ന്. ലോകം മൊത്തം പറന്നുനടന്ന് കളിക്കുന്ന ട്വന്റി 20 സ്‌പെഷലിസ്റ്റുകള്‍. സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് മില്ലര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍.. താരങ്ങള്‍ക്കോ പേരിനോ പെരുമയ്‌ക്കോ ഒരു കുറവുമില്ല. കുറവുള്ളത് ഒന്ന് മാത്രം, ഒരു ഐ സി സി ട്രോഫി. ലോകകപ്പാകട്ടെ, ചാമ്പ്യന്‍സ് ട്രോഫിയാകട്ടെ, ദക്ഷിണാഫ്രിക്കയുടെ ഷോക്കേസില്‍ എടുത്തു കാണിക്കാന്‍ ഒരു കിരീടമില്ല.
ആദ്യമായി ലോകകപ്പ് ജയിക്കാനുള്ള ഏറ്റവും മികച്ച സാധ്യതകളാണ് ഈ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഉള്ളത്. പ്രധാനപ്പെട്ട കളിക്കാരെല്ലാം ഐ പി എല്‍ ടീമുകളില്‍ കളിക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളുമായും പിച്ചുമായും നല്ല പരിചയം. എ ബി ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ ഓപ്പണറുടെ വേഷത്തിലാകും എന്ന് ക്യാപ്റ്റന്‍ ഡുപ്ലിസി നയം വ്യക്തമാക്കിക്കഴിഞ്ഞു. ഹാഷിം അംല, ഡെ പി ഡുമിനി, ഡുപ്ലിസി, ഡിവില്ലിയേഴ്‌സ്, മില്ലര്‍ എന്നിവരടങ്ങിയ ബാറ്റിംഗ് നിര ഏത് ടീമിനും പേടിസ്വപ്‌നമാണ്.

ഫീല്‍ഡിങില്‍ പണ്ട് മുതലേ ദക്ഷിണാഫ്രിക്കയ്ക്ക് വേവലാതിയൊന്നും ഇല്ല. പിന്നെയുള്ളത് ബൗളിംഗാണ്. ഡെയ്ല്‍ സ്റ്റെയ്ന്‍, കൈല്‍ അബോട്ട്, ക്രിസ് മോറിസ്, റബാദ എന്നിവരാണ് ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍. ഇമ്രാന്‍ താഹിര്‍, ഫംഗീസോ എന്നിവര്‍ക്കൊപ്പം ഡുമിനിയുടെ പാര്‍ട് ടൈം സ്പിന്നും കൂടി ചേരുമ്പോള്‍ അതും സുരക്ഷിതം. മോര്‍ക്കല്‍ സഹോദരന്മാരുടെ അഭാവമാണ് ടീമിലെ ഒരേയൊരു ദൗര്‍ബല്യം. അതില്‍ത്തന്നെ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിന്റെ അഭാവമായിരിക്കും ഡുപ്ലിസിയെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുക.