ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്ന രണ്ട് താരങ്ങളെയാണ് ഈ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഓള്‍റൗണ്ടര്‍ കീരണ്‍ പൊള്ളാര്‍ഡും ഓഫ് സ്പിന്നര്‍ സുനില്‍ നരെയ്നും. ബൗളിംഗ് ആക്ഷനിലെ പ്രശ്‌നങ്ങളാണ് സുനില്‍ നരെയ്‌ന് ലോകകപ്പ് നഷ്ടപ്പെടുത്തിയത്. പരിക്കാണ് പൊള്ളാര്‍ഡിന് വില്ലനായത്. 15 മാച്ച് വിന്നര്‍മാരുമായിട്ടാണ് തങ്ങള്‍ ലോകകപ്പ് കളിക്കാനെത്തുന്നത് എന്നാണ് ക്യാപ്റ്റന്‍ ഡാരന്‍ സമി പറയുന്നത്. അവര്‍ ആരൊക്കെയാണ് എന്ന് നോക്കൂ.
ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ തന്നെ കൂട്ടത്തില്‍ ഒന്നാമന്‍. ഗെയ്‌ലിന്റെ കാര്യത്തില്‍ സമി ഈ പറഞ്ഞത് ആരും നിഷേധിക്കാന്‍ പോകുന്നില്ല. ഫോമിലാണെങ്കില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കും ഗെയ്ല്‍. ക്യാപ്റ്റന്‍ ഡാരന്‍ സമി, ആന്‍ഡ്രേ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കൊപ്പം കാര്‍ലോസ് ബ്രാത് വൈറ്റ് കൂടി ചേരുമ്പോള്‍ ഏറ്റവും കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുള്ള ടീമാകും വെസ്റ്റ് ഇന്‍ഡീസ്. സ്പിന്നെറിയുന്ന ബാറ്റ്‌സ്മാന്‍മാരായി മര്‍ലോണ്‍ സാമുവല്‍സും ഗെയ്‌ലുമുണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍ ലെന്‍ഡല്‍ സിമണ്‍സിനെ കൂടി നഷ്ടപ്പെട്ടതോടെ ബാറ്റിംഗിലും വിന്‍ഡീസ് പ്രശ്‌നത്തിലാണ്. ക്രിസ് ഗെയ്‌ലിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും എന്നതാണ് ചോദ്യം. സിമ്മണ്‍സിന് പകരം ടീമിലെത്തിയിരിക്കുന്നത് എവിന്‍ ലെവിസാണ്. ലെവിസ് ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയിട്ട് പോലുമില്ല. വെസ്റ്റ് ഇന്‍ഡീസ് മാര്‍ച്ച് 10ന് ഇന്ത്യയ്‌ക്കെതിരെയും 13 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയും സന്നാഹമത്സരം കളിക്കുന്നുണ്ട്. ശ്രീലങ്ക, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് 1 ലാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുന്നത്.