ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഓസീസുമായി പോയിന്റ് വ്യത്യാസം നാലായി കുറച്ച് ഇംഗ്ലണ്ട്
ദുബൈ: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയുമായി പോയിന്റ് വ്യത്യാസം നാലായി കുറുച്ച് ഇംഗ്ലണ്ട്. നിലവില്‍ നാല് ടെസ്റ്റ് പരമ്പരകളില്‍ നിന്നായി 15 മത്സരം കളിച്ച ഇംഗ്ലണ്ട് 292 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. എട്ട് മത്സരം ജയിച്ച ഇംഗ്ലണ്ട് നാല് മത്സരത്തില്‍ തോറ്റു. മൂന്ന് മത്സരം സമനിലയിലാക്കി. ലോക്ഡൗണിന് ശേഷം നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.
മൂന്ന് പരമ്പരകളില്‍ നിന്ന് 10 മത്സരം കളിച്ച ഓസ്‌ട്രേലിയ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും ഉള്‍പ്പെടെ 296 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. നാല് പരമ്പരയില്‍ നിന്ന് 9 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 7 ജയം രണ്ട് തോല്‍വി ഉള്‍പ്പെടെ 360 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. നാലില്‍ മൂന്ന് പരമ്പരയും വിജയിച്ച ഇന്ത്യ ന്യൂസീലന്‍ഡിനോടാണ് പരാജയപ്പെട്ടത്. രണ്ട് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

ഡിസംബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. 2019ല്‍ ഓസ്‌ട്രേലിയയില്‍ കിരീടം നേടിയ വിരാട് കോലിക്കും സംഘത്തിനും 2020ല്‍ പരമ്പര ജയം നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. കൂടാതെ ഓസ്‌ട്രേലിയയോട് പരമ്പര കൈവിട്ടാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമാകാനുള്ള സാധ്യതയും കൂടുതലാണ്. ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ സാധിച്ചാല്‍ പട്ടികയില്‍ വന്‍ കുതിപ്പ് നടത്താനും ഇന്ത്യക്ക് സാധിക്കും. അടുത്ത വര്‍ഷം ആദ്യം ഇംഗ്ലണ്ടുമായും ഇന്ത്യക്ക് പരമ്പരയുണ്ട്.
മൂന്ന് പരമ്പരയില്‍ നിന്ന് 7 മത്സരം കളിച്ച് മൂന്ന് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 180 പോയിന്റുള്ള ന്യൂസീലന്‍ഡ് നാലാം സ്ഥാനത്താണ്. നാല് പരമ്പരയില്‍ നിന്ന് എട്ട് മത്സരം കളിച്ച് രണ്ട് ജയവും മൂന്ന് വീതം സമനിലയും തോല്‍വിയും ഉള്‍പ്പെടെ 166 പോയിന്റുള്ള പാകിസ്താനാണ് അഞ്ചാം സ്ഥാനത്ത്. ശ്രീലങ്ക,വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് യഥാക്രമം ആറ്,ഏഴ് സ്ഥാനങ്ങളില്‍. രണ്ട് പരമ്പര മാത്രം കളിച്ച ശ്രീലങ്ക നാല് മത്സരം മാത്രമാണ് കളിച്ചത്.
ഇതില്‍ ഒരു ജയവും സമനിലയും രണ്ട് തോല്‍വിയും വഴങ്ങിയ ലങ്കന്‍ നിരയ്ക്ക് 80 പോയിന്റാണുള്ളത്. രണ്ട് പരമ്പരയില്‍ നിന്ന് 5 മത്സരം കളിച്ച വെസ്റ്റ് ഇന്‍ഡീസിന് 1 ജയവും നാല് തോല്‍വിയുമുള്‍പ്പെടെ 40 പോയിന്റാണുള്ളത്. ഏഴ് മത്സരം കളിച്ച് 1 ജയവും 6 തോല്‍വിയും ഉള്‍പ്പെടെ 24 പോയിന്റുമായി ദക്ഷിണാഫ്രിക്ക എട്ടാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ നിന്ന് ഒരു ജയം പോലും നേടാന്‍ സാധിക്കാത്ത ബംഗ്ലാദേശാണ് അവസാന സ്ഥാനക്കാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications