ദുബായ്: 2023ല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് യോഗ്യത നിശ്ചയിക്കുന്നത് ഇത്തവണ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റുകളിലൂടെയാണ്. നിലവില്‍ നടക്കുന്ന ഏകദിന പരമ്പരകളെല്ലാം സൂപ്പര്‍ ലീഗിന്റെ ഭാഗമാണ്. കോവിഡിനെത്തുടര്‍ന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇടവേള വന്നതിനാല്‍ പല ടീമുകള്‍ക്കും ഒരു പരമ്പര പോലും കളിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര ഇന്ന് അവസാനിച്ചതിന് പിന്നാലെ ഏറ്റവും പുതിയ സൂപ്പര്‍ ലീഗ് പോയിന്റ് ടേബില്‍ പുറത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ രണ്ടിലും ജയിച്ച ഓസ്‌ട്രേലിയ നിലവില്‍ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പ് മൂന്ന് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പരമ്പരയും ഓസ്‌ട്രേലിയ കളിച്ചിരുന്നു. രണ്ട് പരമ്പരയും നേടിയെടുത്ത ഓസീസ് 6 മത്സരം കളിച്ചതില്‍ നാലിലും ജയിച്ചപ്പോള്‍ രണ്ട് മത്സരം മാത്രമാണ് തോറ്റത്.
രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടാണുള്ളത്. 6 മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയും വഴങ്ങിയ ഇംഗ്ലണ്ടിന് 30 പോയിന്റാണുള്ളത്. പാകിസ്താന്‍ മൂന്നാം സ്ഥാനത്തുണ്ട്. 2 ജയവും 1 തോല്‍വിയുമടക്കം 20 പോയിന്റാണ് പാകിസ്താന്‍ നേടിയത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നവരെന്ന നിലയില്‍ ഇന്ത്യക്ക് യോഗ്യതാ മത്സരം അത്ര ബാധിക്കുന്ന കാര്യമല്ല. എങ്കിലും തങ്ങളുടെ കരുത്ത് കാട്ടാനുള്ള വേദിയാണിത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര മാത്രമാണ് നിലവില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ഇന്ത്യ കളിച്ചത്. ഇതില്‍ 3 മത്സരത്തില്‍ രണ്ടിലും തോറ്റ ഇന്ത്യക്ക് 10 പോയിന്റാണുള്ളത്. അടുത്ത വര്‍ഷം വമ്പന്‍ പരമ്പരകള്‍ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് നാട്ടില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പര. ഈ വര്‍ഷം ശ്രീലങ്ക, സിംബാബ് വെ പരമ്പരകള്‍ ഇന്ത്യ കളിക്കേണ്ടതായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് പരമ്പര റദ്ദാക്കുകയായിരുന്നു. അടുത്ത വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പിനും ഇന്ത്യ തന്നെയാണ് വേദി. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

സിംബാബ് വെയാണ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാര്‍. പാകിസ്താനെതിരെയാണ് അവര്‍ പരമ്പ കളിച്ചത്. മൂന്ന് മത്സരത്തില്‍ രണ്ട് മത്സരവും തോറ്റ അവര്‍ ഒരു മത്സരത്തില്‍ സൂപ്പര്‍ ഓവറിനൊടുവില്‍ പാകിസ്താനെ തോല്‍പ്പിച്ച് കരുത്ത് കാട്ടി. ആറാം സ്ഥാനത്ത് അയര്‍ലന്‍ഡാണ് 3 മത്സരത്തില്‍ നിന്ന് 1 ജയവും രണ്ട് തോല്‍വിയുമാണ് അയര്‍ലന്‍ഡും നേടിയത്. ഒരു മത്സരം പോലും കളിക്കാത്ത ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്‍,ശ്രീലങ്ക,ന്യൂസീലന്‍ഡ്,ബംഗ്ലാദേശ് എന്നിവരാണ് യഥാക്രമം ഏഴ് മുതല്‍ 11 സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷയുള്ള ലോകകപ്പാണ് 2023ലേത്. വിരാട് കോലിയുടെ നായകത്വത്തിന് കീഴില്‍ ഒരു ഐസിസി കിരീടം പോലും ഇന്ത്യക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ 2021ലെ ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.