മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്ഷുഭിത യൗവ്വനം ആണ് വിരാട് കോലി. അനുഷ്‌ക ശര്‍മയാണ് കോലിയുടെ പ്രിയ കാമുകി. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ച് കയറിയപ്പോള്‍ അനുഷ്‌കയ്ക്ക് തന്റെ പ്രിയതമന്റെ പ്രകടനം നേരിട്ട് കാണാനായില്ല.
ബിസിസിഐയുടെ തീരുമാനമായിരുന്നു ഇതിന് കാരണം. ഭാര്യയേയോ കാമുകിയേയോ കൂടെ കൂട്ടരുതെന്നായിരുന്നു ബിസിസിഐയുടെ തിട്ടൂരം. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ ഒക്കെ മാറി കെട്ടോ...

ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയപ്പോള്‍ ബിസിസിഐ തീരുമാനം പതുക്കെ മാറ്റി. ഇനി കാമുകിയേയോ ഭാര്യയേയോ കൂടെ കൂട്ടാം. ബിസിസിഐയുടെ തീരുമാനം കഴിഞ്ഞ ദിവസം ടീമിനെ അറിയിച്ചു എന്നാണ് വിവരം.
പല ടീമുകളും താരങ്ങള്‍ക്ക് തങ്ങളുടെ പങ്കാളികളെ കൂടെ കൂട്ടാന്‍ അനുമതി നല്‍കിയപ്പോഴും ബിസിസിഐ അതിന് തയ്യാറായിരുന്നില്ല. പങ്കാളികള്‍ കൂടെയുണ്ടെങ്കില്‍ കളിക്കാരുടെ ഏകാഗ്രത നഷ്ടപ്പെടും എന്നായിരുന്നു ഭയം.
ഇങ്ങനെയൊക്കെ ആണെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാന്‍ മാത്രം തന്റെ ഭാര്യയെ കണ്ടിരുന്നു കെട്ടോ. മാധ്യമപ്രവര്‍ത്തകയായ ഭാര്യ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഓസ്‌ട്രേലിയയില്‍ ഉണ്ട്. ധവാന്‍ ഹോട്ടലില്‍ പോയി ഭാര്യയെ കാണുകയും ചെയ്തു. അതുകൊണ്ട് ശിഖര്‍ ധവാന്റെ ഏകാഗ്രതക്ക് ഒരു കോട്ടവും തട്ടിയില്ല.