വെല്ലിംഗ്ടണ്‍: സെഞ്ചുറികളുടെ മാലപ്പടക്കമാണ് ഈ ലോകകപ്പില്‍ എമ്പാടും. സങ്കക്കാര 4, ധവാന്‍ 2, ദില്‍ഷന്‍ 2 എന്നിങ്ങനെ പോകുന്നു പട്ടികയില്‍ മുന്നിലുള്ളവരുടെ എണ്ണം. ഒരേ കളിയില്‍ രണ്ടുപേരൊക്കെ സെഞ്ചുറിയടിക്കുന്നതൊന്നും ഈ ലോകകപ്പില്‍ പുത്തരിയേ അല്ല. പക്ഷേ യു എ ഇക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഒരു ബാറ്റ്‌സ്മാന്‍ പോലും മൂന്നക്കത്തില്‍ എത്തിയില്ല.
ആരും സെഞ്ചുറി അടിച്ചില്ല എന്നേയുള്ളൂ, ദക്ഷിണാഫ്രിക്കയുടെ സ്‌കോറിന് ഒരു കുഴപ്പവും ഇല്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അടിച്ചെടുത്തത് ആറ് വിക്കറ്റിന് 341 റണ്‍സാണ്. ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് 87 പന്തില്‍ 99 റണ്‍സടിച്ച് പുറത്തായി. ആറ് ഫോറും നാല് സിക്‌സും പറത്തിയ ഡിവില്ലിയേഴ്‌സിന് ഒരു റണ്‍സിനാണ് ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറി നഷ്ടമായത്.

ഫര്‍ഹാന്‍ ബഹര്‍ദ്ദീന്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളിലൂടെ സ്‌കോറുയര്‍ത്തി. ബഹര്‍ദ്ദീന്‍ 31 പന്തില്‍ 64 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ (49), റില്ലീ റൂസ്വോ (43) എന്നിവരും ബാറ്റിംഗില്‍ തിളങ്ങിയതോടെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നവീദാണ് യു എ ഇ ബൗളര്‍മാരില്‍ തിളങ്ങിയത്.