ക്രിക്കറ്റ് അറിയില്ലെങ്കില്‍ രാജ്യവുമായുള്ള സിങ്ക് നഷ്ടപ്പെടുമോ? എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മധു കിഷ്വാര്‍ ട്വിറ്ററില്‍ ഇങ്ങനെ പറയുമ്പോള്‍ അതില്‍ ചെറിയ കാര്യമുണ്ട് എന്ന് തോന്നുന്നില്ലേ. പ്രത്യേകിച്ച് പെണ്ണുങ്ങള്‍ക്ക്. ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റ് രാജ്യം മൊത്തം കരഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ സ്ത്രീകളില്‍ പലരും പാട്ടും പാടി നടന്നിരിക്കണം.
സ്ത്രീകള്‍ക്ക് അത്രയധികമൊന്നും ക്രിക്കറ്റിനെക്കുറിച്ച് ധാരണയില്ലാത്ത ഒരു രാജ്യമാണ് നമ്മുടേത്. സിക്‌സറുകള്‍ അടിക്കുമ്പോള്‍ തുള്ളിച്ചാടുകയും വിക്കറ്റ് പോകുമ്പോള്‍ അയ്യോ എന്ന് കരയുകയും ചെയ്യുന്ന ചില കളി ഭ്രാന്തിമാരെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലേത് എന്ന പോലെ ക്രിക്കറ്റുമായി ബന്ധപ്പെടുമ്പോള്‍ സ്ത്രീകളെ തമാശ കഥാപാത്രമായി ചിത്രീകരിക്കുകയാണ് നമ്മുടെ പതിവ്.

സെമിഫൈനല്‍ തോറ്റത് പോട്ടെ സാരമില്ല, നോക്കൂ, ഫൈനലെങ്കിലും ജയിച്ചിട്ടേ വരാവൂ, എന്ന് സ്വന്തം ആലിയ ഭട്ട് ഇന്ത്യന്‍ താരങ്ങളോട് പറയുന്ന മെസേജ് ആയിരുന്നു ഇന്നലത്തെ വാട്‌സ് ആപ്പ് സന്ദേശങ്ങളിലെ താരം. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ മരിയ ഷറപ്പോവ ക്രിക്കറ്റ് കളി മാത്രമല്ല, മലയാളം വരെ പഠിക്കേണ്ട സ്ഥിതി വന്നു എന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പരക്കുന്ന തമാശ.
സ്ത്രീകള്‍ക്ക് ക്രിക്കറ്റ് കാണാനും മനസിലാക്കാനും പറ്റില്ല എന്ന് കരുതുന്ന ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതും പറയേണ്ടതുണ്ട്. ഒപ്പം തന്നെ ജെന്റില്‍മെന്‍സ് ഗെയിം എന്ന് പേരുള്ള ക്രിക്കറ്റിനോട് ഇഷ്ടമില്ലാത്ത, ഇതില്‍ അഭിമാനിക്കുന്ന കുറച്ചധികം സ്ത്രീകളും ഇവിടെയുണ്ട്. ഇന്ത്യ സെമിഫൈനലില്‍ തോറ്റുകൊണ്ടിരിക്കുമ്പോള്‍ സാഗരിക ഘോഷ് ട്വിറ്ററില്‍ പറയുന്നതും മറ്റൊന്നല്ല.