ദുബായ്: വനിതകളുടെ ഐസിസി ടി20 ലോകകപ്പിനു ഓസ്ട്രേലിയയില്‍ തിരശീല വീണതിനു പിന്നാലെ മറ്റൊരു ലോകകപ്പിന്റെ മല്‍സക്രമം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന വനിതകളുടെ ഏകദിന ലോകകപ്പിന്റെ ഫിക്സ്ചറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ഫെബ്രുവരി ആറിന് ഈഡന് പാര്‍ക്കില്‍ ആതിഥേയരായ ന്യൂസിലാന്‍ഡും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
ന്യൂസിലാന്‍ഡിലെ ആറു വേദികളിലായാണ് ലോകകപ്പ് അരങ്ങേറുന്നത്. ഫൈനലുള്‍പ്പെടെ ആകെ 31 മല്‍സരങ്ങള്‍ ലോകകപ്പിലുണ്ടാവും. ഓക്ക്്ലാന്ഡ്, ഹാമില്റ്റണ്, ടൗരംഗ, വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച്, ഡ്യുനെഡിന്‍ എന്നിവയായിരിക്കും മല്‍സരവേദികള്‍. മാര്‍ച്ച് പകലും രാത്രിയുമായി ക്രൈസ്റ്റ്ചര്ച്ചിലായിരിക്കും ലോകകപ്പ് ഫൈനല്‍. സെമി ഫൈനലുകള്‍ മാര്‍ച്ച് 3, 4 തിയ്യതികളില്‍ ടൗരംഗ, ഹാമില്റ്റണ് എന്നീവിടങ്ങളില് നടക്കും.
ടൂര്‍ണമെന്റിലെ മൂന്നു നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ക്കും റിസര്‍വ്വ് ദിനം ഉണ്ടായിരിക്കുമെന്ന് ഐസിസി അറിയിച്ചു. ഓസ്ട്രേലിയയില്‍ സമാപിച്ച കഴിഞ്ഞ ടി20 ലോകകപ്പില്‍ നോക്കൗട്ട് മല്‍സരങ്ങള്‍ക്കു റിസര്‍വ്വ് ദിനം അനുവദിക്കപ്പെട്ടിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്നു പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയില്‍ ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിമേളം; ടോട്ടനം പുറത്ത്, ലെയ്പ്സിഗ് ക്വാര്‍ട്ടറില്‍
2021ലെ വനിതാ ലോകകപ്പില്‍ നാലു ടീമുകളുടെ കാര്യം മാത്രമേ ഉറപ്പായിട്ടുള്ളൂ. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ നാലു ടീമുകളാണ് ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചിട്ടുത്. മറ്റുള്ള ടീമുകള്‍ ഏതൊക്കെ ആയിരിക്കുമെന്ന് ഈ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന യോഗ്യതാ ചാംപ്യന്‍ഷിപ്പിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫിക്സ്ചര്‍ പ്രകാരം ടൂര്‍ണമെന്റിലെ ഏറ്റവും വലിയ രണ്ടു പോരാട്ടങ്ങള്‍ ഓസ്ട്രേലിയ- ഇംഗ്ലണ്ട് (ഫെബ്രുവരി ഏഴ്), ഓസ്ട്രലേിയ- ന്യൂസിലാന്‍ഡ് (ഫെബ്രുവരി 13) എന്നിവയാണ്.