Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താന്‍ നാണം കെട്ടു... ഇന്ത്യ ഫൈനലില്‍, ഇനി ഓസീസ്

അണ്ടര്‍ 19 ലോകകപ്പ് - പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ | Oneindia Malayalam

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ വമ്പന്‍ ജയത്തോടെ ഇന്ത്യ ഫൈനലില്‍. ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ
രണ്ടാം സെമിയില്‍ ചിരവൈരികളായ പാകിസ്താനെ 203 റണ്‍സിനു നാണംകെടുത്തുകയായിരുന്നു. ഒരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് പാകിസ്താന്‍ ഇന്ത്യക്കു മുന്നില്‍ കീഴടങ്ങിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു.

100 റണ്‍സ് പോലും നേടാനാവാതെയാണ് പാകിസ്താന്റെ ഇന്നിങ്‌സ് അവസാനിച്ചത്. ടൂര്‍ണമെന്റിന്റെ തന്നെ കണ്ടെത്തലായി മാറിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ മികവില്‍ ആദ്യം ബാറ്റ് വീശിയ ഇന്ത്യ ഒമ്പതു വിക്കറ്റിന് 272 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബൗളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്ര തന്നെ കണ്ടു. വെറും 69 റണ്‍സിന് പാകിസ്താന്റെ ഇന്നിങ്‌സ് അവസാനിച്ചു.

 ബാറ്റിങ് 'ശുഭം'

ബാറ്റിങ് 'ശുഭം'

ശുഭ്മാന്‍ ഗില്ലിന്റെ (102*) അപരാജിത സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വിജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 94 പന്തില്‍ ഏഴു ബൗണ്ടറികളടങ്ങിയതായിരുന്നു ഗില്ലിന്റെ സെഞ്ച്വറി. ടൂര്‍ണമെന്റില്‍ താരത്തിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്. കരിയറില്‍ ഇതു നാലാം തവണയാണ് ഗില്‍ 100 തികയ്ക്കുന്നത്.
മന്‍ജ്യോത് കല്‍റ (47), ക്യാപ്റ്റന്‍ പൃഥ്വി ഷാ (41), അനുകുല്‍ റോയ് (33) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തു പകര്‍ന്നു.

പാകിസ്താന്‍ നിഷ്പ്രഭം

പാകിസ്താന്‍ നിഷ്പ്രഭം

മറുപടി ബാറ്റിങില്‍ പാകിസ്താന്‍ തകര്‍ന്നടിയുകയായിരുന്നു. 29.3 ഓവറില്‍ വെറും 69 റണ്‍സിന് പാകിസ്താന്‍ കൂടാരത്തില്‍ തിരിച്ചെത്തി. പാക് നിരയില്‍ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല. നാലു വിക്കറ്റെടുത്ത ഇഷാന്‍ പൊറെലാണ് പാകിസ്താന്റെ അന്തകനായത്.
ശിവം സിങ്, റിയാന്‍ പരാഗ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമന്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്താനെ തകര്‍ത്താണ് കംഗാരുക്കള്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്.

റെക്കോഡിട്ട് ശുഭ്മാന്‍

റെക്കോഡിട്ട് ശുഭ്മാന്‍

തുടര്‍ച്ചയായി ആറാമത്തെ കളിയിലാണ് ശുഭ്മാന്‍ ടൂര്‍ണമെന്റിന്‍ 50 റണ്‍സിനു മുകളില്‍ നേടുന്നത്. പാകിസ്താനെതിരായ സെഞ്ച്വറി നേട്ടത്തോടെ പുതിയൊരു റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി തുടര്‍ച്ചയായി ആറു കളികളില്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അര്‍ഹനായത്.
പാകിസ്താനെതിരായ സെമിക്കു മുമ്പ് സാവിയര്‍ മാര്‍ഷല്‍, ഉപുല്‍ തരംഗ, ഗൗരവ് ധിമാന്‍, റയാന്‍ ഹിഗിന്‍സ്, മാത്യു ബ്രീസ്‌കെ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ശുഭ്മാന്‍.

ആദ്യകളിയുടെ റീപ്ലേ

ആദ്യകളിയുടെ റീപ്ലേ

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മല്‍സരത്തിന്റെ റീപ്ലേ കൂടിയാണ് കലാശപ്പോരാട്ടം. അന്ന് ഓസീസിനെ 100 റണ്‍സിന് ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. ക്യാപ്റ്റന്‍ പൃഥ്വി ഷാ (94), മന്‍ജ്യോത് കല്‍റ (86), ശുഭ്മാന്‍ ഗില്‍ (63) എന്നിവരെല്ലാം ബാറ്റിങില്‍ കസറിയപ്പോള്‍ ഇന്ത്യന്‍ ജയം അനായാസമാവുകയായിരുന്നു.
ഇത്തവണ കിരീടം നേടാനായാല്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലാവും. നിലവില്‍ മൂന്നു ലോകകിരീടങ്ങളുമായി ഓസ്‌ട്രേലിയക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യ.

Story first published: Tuesday, January 30, 2018, 9:44 [IST]
Other articles published on Jan 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+