ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ചേതേശ്വര്‍ പുജാര. പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമിനെ ഒരു സ്ഥാനം താഴോട്ടിറക്കി ആറാം സ്ഥാനത്തേക്ക് പുജാരയെത്തി. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് പുജാരയെ നേട്ടത്തിലേക്കെത്തിച്ചത്. 30 ശരാശരിയിലായിരുന്നു പുജാരയുടെ പ്രകടനം. മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം ഇന്ത്യയെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയത് പുജാരയായിരുന്നു.
ഓസ്‌ട്രേലിയയില്‍ സ്‌ട്രൈക്കറേറ്റിന്റെ പേരില്‍ പുജാര വലിയ വിമര്‍ശനം നേരിട്ടിരുന്നു.എന്നാല്‍ പുജാരയുടെ പ്രകടനമാണ് യുവതാരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ പ്രചോദനം നല്‍കിയത്. ടെസ്റ്റില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബാറ്റ്‌സ്മാനാണ് പുജാര. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പുജാരയില്‍ ഇന്ത്യ വളരെയേറെ പ്രതീക്ഷവെക്കുന്നു.

അതേ സമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കറാച്ചിയില്‍നടന്ന മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതെ ഇരുന്നതാണ് ബാബറിന് തിരിച്ചടിയായത്. ബാബറിന് 755 റേറ്റിങ് പോയിന്റും പുജാരയ്ക്ക് 760 റേറ്റിങ് പോയിന്റുമാണുള്ളത്. ഇംഗ്ലണ്ട് പരമ്പരയിലെ പുജാരയുടെ പ്രകടനം മോശമായാല്‍ വീണ്ടും റാങ്കിങ്ങില്‍ ഇടിവ് സംഭവിച്ചേക്കും.
ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബുഷാനെ മൂന്നാം സ്ഥാനത്തും ഇന്ത്യയുടെ വിരാട് കോലി നാലാം സ്ഥാനത്തുമാണ്. ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് അഞ്ചാം സ്ഥാനത്തേക്കെത്തി. എട്ടാം സ്ഥാനത്തുള്ള അജിന്‍ക്യ രഹാനെയാണ് ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ്,ന്യൂസീലന്‍ഡിന്റെ നെയ്ല്‍ വാഗ്നര്‍,ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ്,ന്യൂസീലന്‍ഡിന്റെ ടിം സൗത്തി എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. എട്ടാം സ്ഥാനത്തുള്ള ആര്‍ അശ്വിനാണ് ഇന്ത്യന്‍ നിരയില്‍ മുന്നില്‍. ജസ്പ്രീത് ബൂംറ ഒമ്പതാം സ്ഥാനത്താണ്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്താണ്. ആര്‍ അശ്വിന്‍ ആറാം സ്ഥാനത്തുമുണ്ട്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസന്‍ നാലാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തലപ്പത്ത് തുടരുകയാണ്. ഇംഗ്ലണ്ട് പരമ്പര ഇന്ത്യക്ക് നിര്‍ണ്ണായകമാവും.