ദുബായ്: ടെസ്റ്റിലും ഏകദിനത്തിലും ലോകത്തെ മുന്‍ നിര ടീമുകളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ ട്വന്റി 20യിലെ കഥ അങ്ങനെയല്ല. 2007 ലെ ഒന്നാം ലോകകപ്പ് ജയിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ പറയത്തക്ക നേട്ടങ്ങളൊന്നും ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ഇല്ല. ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗുമെല്ലാം കളിച്ച് ജയിപ്പിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ അന്താരാഷ്ട്ര തലത്തിലെത്തിയാല്‍ പൂച്ചകളാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ റാങ്കിംഗും അത്ര പന്തിയല്ല.
ഏറ്റവും പുതിയ ഐ സി സി റാങ്കിംഗില്‍ ഏഴാമതാണ് ഇന്ത്യയുടെ സ്ഥാനം. അയല്‍ക്കാരായ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ദുബായില്‍ നടക്കുന്ന ഇംഗ്ലണ്ട് - പാകിസ്താന്‍ പരമ്പര പൂര്‍ത്തിയായതിന് ശേഷമുള്ള റാങ്കിംഗാണ് ഇത്. പാകിസ്താനെ 3- 0 ന് തോല്‍പിച്ച ഇംഗ്ലണ്ട് നാല് സ്ഥാനങ്ങള്‍ മുമ്പോട്ട് ചാടി നാലാമതെത്തി. പരമ്പര തുടങ്ങുന്നതിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്.

പരമ്പര ഏകപക്ഷീയമായി തോറ്റ പാകിസ്താനാകട്ടെ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി ആറാമതായി. ആറാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയ്ക്കാണ് പാകിസ്താന്റെ തോല്‍വി ക്ഷീണമായത്. ഇംഗ്ലണ്ട് മുന്നോട്ട് പോയപ്പോള്‍ ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴാമതായി. റാങ്കിംഗില്‍ മെച്ചമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് തല്‍ക്കാലം മത്സരങ്ങളൊന്നും ബാക്കിയില്ല. അടുത്തിടെ ഇന്ത്യ നാട്ടില്‍ വെച്ച് ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റിരുന്നു.