കറുത്തവനേ എന്ന് വിളിച്ച പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസിന് ഉഗ്രന്‍ പണി; 4 മത്സരങ്ങളില്‍ വിലക്ക്

ഡര്‍ബന്‍: ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തെ വംശീയമായി അധിക്ഷേപിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് ഐസിസിയുടെ ശിക്ഷ. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വായോയെയാണ് സര്‍ഫ്രാസ് അധിക്ഷേപിച്ചത്. സര്‍ഫ്രാസിന്റെ വാക്കുകള്‍ സ്റ്റമ്പ് മൈക്കില്‍ക്കൂടി പുറത്തുവന്നതിന് പിന്നാലെ വിവാദമായിരുന്നു.
സംഭവത്തില്‍ താരം സോഷ്യല്‍ മീഡിയയിലൂടെയും പിന്നീട് നേരിട്ടും ദക്ഷിണാഫ്രിക്കന്‍ താരത്തോട് മാപ്പു പറഞ്ഞെങ്കിലും ഐസിസി സര്‍ഫ്രാസിനെതിരായ നടപടി ഒഴിവാക്കിയില്ല. വിലക്ക് ലഭിച്ചതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങളും ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളും സര്‍ഫ്രാസിന് നഷ്ടമാകും. ഷൊയബ് മാലിക്ക് ആയിരിക്കും സര്‍ഫ്രാസിന് പകരമായി പാക് ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുക്കുക.

ഐസിസിയുടെ നിയമാവലി സര്‍ഫ്രാസ് തെറ്റിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒരുതരത്തിലുള്ള വംശീയ അധിക്ഷേപവും ഐസിസി അനുവദിക്കില്ലെന്നും കടുത്ത അച്ചടക്ക നടപടിയായിരിക്കും ഫലമെന്നും ഐസിസി വ്യക്തമാക്കുകയും ചെയ്തു. 2012ല്‍ രൂപകൊടുത്ത പുതിയ നിയമപ്രകാരം വംശീയ അധിക്ഷേപത്തിന് കടുത്ത അച്ചടക്ക നടപടിയാണ് ഐസിസി നിര്‍ദ്ദേശിക്കുന്നത്. ഡര്‍ബനില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെയായിരുന്നു വിവാദങ്ങള്‍ക്കിടയാക്കിയ സംഭവം അരങ്ങേറിയത്.
തോല്‍വിയിലേക്ക് നീങ്ങിയ ടീമിനെ ജയത്തിലേക്ക് നയിക്കവെ ആന്‍ഡിലിനെ, സര്‍ഫ്രാസ് പ്രകോപിപ്പിക്കുകയായിരുന്നു. കറുത്തവനേ, താങ്കളുടെ അമ്മ ഇന്ന് എവിടെയാണ് ഇരിക്കുന്നത്. എന്തു പ്രാര്‍ഥനയാണ് ഇന്നത്തേക്കായി അവര്‍ നടത്തുന്നതെന്നും സര്‍ഫ്രാസ് പറയുന്നുണ്ട്. സംഭവം വിവാദമായതോടെ താരം പിന്നീട് മാപ്പു പറഞ്ഞിരുന്നു. കളിക്കിടെയുണ്ടായ നിരാശയാണ് തന്റെ വാക്കുകള്‍ക്കിടയാക്കിയതെന്ന് സര്‍ഫ്രാസ് പ്രതികരിച്ചു. ആരെയെങ്കിലും അത് വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഏതെങ്കിലും ഒരു വ്യക്തിക്കെതിരെയോ അവരുടെ വിഭാഗത്തിനെതിരെയോ അല്ല താന്‍ പറഞ്ഞതെന്നും വേദനിപ്പിച്ചെങ്കില്‍ നിരുപാധികം മാപ്പു പറയുന്നതായും സര്‍ഫ്രാസ് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications