ദുബായ്: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ ഏകദിനത്തിലെ ഒന്നാം റാങ്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സാണ് പുതിയ ഐ സി സി റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും വിട്ടുനിന്നതാണ് കോലിക്ക് റാങ്കിംഗില്‍ നഷ്ടമുണ്ടാക്കിയത്. കോലി ഇപ്പോള്‍ രണ്ടാം റാങ്കിലാണ്.
872 പോയിന്റുകളോടെയാണ് ഡിവില്ലിയേഴ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്. കോലിക്ക് 868 പോയിന്റുകളാണ് ഉള്ളത്. ആറാം സ്ഥാനത്തുള്ള എം എസ് ധോണി, പത്താം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് രണ്ട് ഇന്ത്യക്കാര്‍. ഓസ്‌ട്രേലിയയുടെ ജോര്‍ജ്് ബെയ്‌ലി, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ഐ പി എല്ലിന് ശേഷം നടന്ന ബംഗ്ലാദേശ് പര്യടനത്തില്‍ ധോണിയും കോലിയും ധവാനും കളിച്ചിരുന്നില്ല. ഇവരുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച സുരേഷ് റെയ്‌ന രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപത്തിയേഴാം റാങ്കിലെത്തി. ബംഗ്ലാദേശില്‍ കളിച്ചില്ലെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഇരുപത്തി മൂന്നാം സ്ഥാനത്തുണ്ട്.
ഏഴാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബൗളര്‍. പാകിസ്താന്‍ സ്പിന്നര്‍ സയീദ് അജ്മലാണ് ബൗളര്‍മാരില്‍ ഒന്നാമന്‍. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഏകദിനത്തില്‍ ടീം ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയാണ് ഒന്നാം റാങ്കില്‍. ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിതി ഇതിലും മോശമാണ്. ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പാകിസ്താനും പിന്നില്‍ അഞ്ചാമതാണ് ഇന്ത്യ. എന്നാല്‍ ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതുണ്ട്.