ദുബായ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് 2 ടെസ്റ്റുകള്‍ ജയിച്ചത് തുണയായത് ഇന്ത്യയ്ക്ക്. ലോക റാങ്കിംഗില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകള്‍ തുടര്‍ച്ചയായി തോറ്റപ്പോള്‍ റാങ്കിംഗില്‍ ഉണ്ടായത് കനത്ത നഷ്ടം. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്.
ശനിയാഴ്ച ജോഹന്നാസ് ബര്‍ഗില്‍ അവസാനിച്ച രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് 7 വിക്കറ്റിനാണ് തോല്‍പിച്ചത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇംഗ്ലണ്ട് 2 - 0 ന് മുന്നിലെത്തി. രണ്ട് ടെസ്റ്റുകള്‍ തോറ്റതോടെ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്ക. പരമ്പര തോറ്റാല്‍ അവരുടെ റാങ്കിംഗ് ഇനിയും താഴെപ്പോകും

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയെ നാട്ടില്‍ 3 - 0 ന് തോല്‍പ്പിച്ചതാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കിട്ടാന്‍ കാരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര തൂത്തുവാരിയ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പര ജയിച്ചാല്‍ ഓസ്‌ട്രേലിയ ഇന്ത്യയെ പിന്തള്ളി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തും. ഫെബ്രുവരി 12ന് വെല്ലിങ്ടണിലാണ് ഈ പരമ്പര തുടങ്ങുക.