ദുബായ്: വൈകാതെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം ഫെയ്‌സ്ബുക്കില്‍ കാണാം. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്കുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പുതിയ സഹകരണം പ്രഖ്യാപിച്ചു. 2023 വരെയുള്ള എല്ലാ ഐസിസി മത്സരങ്ങളുടെയും ഡിജിറ്റല്‍ പകര്‍പ്പവകാശം ഫെയ്‌സ്ബുക്കിന് ലഭിച്ചു.

ധാരണ പ്രകാരം മത്സരങ്ങളുടെ റീക്യാപ്പുകളാണ് ഫെയ്‌സ്ബുക്കിന് ഐസിസി ലഭ്യമാക്കുക. ഫെയ്‌സ്ബുക്കിന് കീഴിലുള്ള ഇന്‍സ്റ്റഗ്രാമിലും വാട്്‌സ്ആപ്പിലും ക്രിക്കറ്റ് മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാവും. ഇന്ത്യയുള്‍പ്പെടെ മുഴുവന്‍ രാജ്യങ്ങളിലും ഈ സൗകര്യം ഉറപ്പുവരുത്താനാണ് ഫെയ്‌സ്ബുക്കിന്റെ പുറപ്പാട്. 2020 ട്വന്റി-20 ലോകകപ്പ്, 2021 ട്വന്റി-20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ ക്രിക്കറ്റിന്റെ പ്രചാരം കൂട്ടാന്‍ ഫെയ്‌സ്ബുക്കുമായുള്ള കൂട്ടുകെട്ട് സഹായിക്കുമെന്ന് ഐസിസി പ്രതീക്ഷിക്കുന്നു.
അടുത്തവര്‍ഷം തുടക്കത്തില്‍ത്തന്നെ ഐസിസി മത്സരങ്ങള്‍ പുനഃസംപ്രേക്ഷണം ചെയ്യാനുള്ള ഒരുക്കത്തിലാണ് മാര്‍ക്ക് സുക്കബര്‍ഗ്. 2012 -ലാണ് ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്ക് വാങ്ങിയത്. രണ്ടു വര്‍ഷത്തിന് ശേഷം വാട്‌സ്ആപ്പിനെയും ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. ഈ രണ്ടു പ്ലാറ്റ്‌ഫോമുകളിലും മത്സര ദൃശ്യങ്ങള്‍ ലഭ്യമാവുമെന്ന് ഫെയ്‌സ്ബുക്ക് വക്താക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുമായും ഫെയ്‌സ്ബുക്കിന് പങ്കാളിത്തമുണ്ട്. ഐസിസിയുടെ കണക്കുകള്‍ പ്രകാരം 4.6 ബില്യണ്‍ ആളുകളാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇംഗ്ലണ്ട് ലോകകപ്പ് കണ്ടത്. വരും വര്‍ഷങ്ങളില്‍ ഇതു കൂടുമെന്ന് ക്രിക്കറ്റ് കൗണ്‍സില്‍ ഉറച്ചുവിശ്വസിക്കുന്നു.
ഇതേസമയം, ഐസിസി മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് മാത്രമേയുള്ളൂ. മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ല. പകരം മത്സരങ്ങളുടെ ഹൈലൈറ്റുകള്‍, റീക്യാപ്പുകള്‍ തുടങ്ങിയവ ഫെയ്‌സ്ബുക്ക് ലഭ്യമാക്കും.